സ്നേഹോപകാരം

സ്നേഹോപകാരം
: :

സ്നേഹോപകാരം

അദ്ധ്യായം 1 

യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്ക് എലീശബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലീശബെത്ത് മച്ചിയാക കൊണ്ട് അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സുചെന്നവരും ആയിരുന്നു. അവൻ കൂറിന്റെ ക്രമ പ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദ പ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനു നറുക്കു വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹമൊക്കെയും പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി. സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. ദൂതൻ അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽ വച്ചു തന്നെ പരിശുദ്ധാത്മാവു കൊണ്ടു നിറയും. അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചു വരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചും കൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കർത്താവിനു വേണ്ടി ഒരുക്കുവാൻ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.

 സെഖര്യാവ് ദൂതനോട്; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്തു നിവൃത്തി വരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു. ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്ന് അവർ അറിഞ്ഞു; അവൻ അവർക്ക് ആംഗ്യം കാട്ടി ഊമനായി പാർത്തു. അവന്റെ ശുശ്രൂഷാകാലം തികഞ്ഞ ശേഷം അവൻ വീട്ടിലേക്കു പോയി.ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു: മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവ് എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തു തന്നിരിക്കുന്നു എന്നു പറഞ്ഞ് അഞ്ചു മാസം ഒളിച്ചു പാർത്തു.

 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു. അവളുടെ അടുക്കൽ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞു വന്നവൾക്ക് ഇത് ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

 എലീശബെത്തിന് പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; കർത്താവ് അവൾക്കു വലിയ കരുണ കാണിച്ചു എന്ന് അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ട് അവളോടു കൂടെ സന്തോഷിച്ചു. എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവനു സെഖര്യാവ് എന്നു പേർ വിളിപ്പാൻ ഭാവിച്ചു. അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു. അവർ അവളോട്: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. പിന്നെ അവന് എന്ത് പേർ വിളിപ്പാൻ വിചാരിക്കുന്നു എന്ന് അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.അവൻ ഒരു എഴുത്തുപലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്ന് എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. ചുറ്റും പാർക്കുന്നവർക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു. കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്ത് ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു. 

അദ്ധ്യായം  2 

എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാക കൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവനു മനസ്സില്ലായ്ക കൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തു കൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്ക കൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടു കൂടെ എന്നർഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. യോസേഫ് ഉറക്കം ഉണർന്നു, കർത്താവിന്റെ ദൂതൻ കല്പിച്ചതു പോലെ ചെയ്തു, ഭാര്യയെ ചേർത്തു കൊണ്ടു. മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല. 

ആ കാലത്തു ലോകമൊക്കെയും പേർവഴി ചാർത്തേണം എന്ന് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിനു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്‍ലഹേം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. 

അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽ കാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ: ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്ന് ദൈവത്തെ പുകഴ്ത്തി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.ദൂതന്മാർ അവരെ വിട്ടു സ്വർഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്‍ലഹേമോളം ചെന്ന് കർത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്ന്, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. കണ്ട ശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്ക് അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു.മറിയ ഈ വാർത്തയൊക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചു കൊണ്ടിരുന്നു. തങ്ങളോട് അറിയിച്ചതു പോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കും മുമ്പേ ദൂതൻ പറഞ്ഞതു പോലെ അവനു യേശു എന്നു പേർ വിളിച്ചു. 

അദ്ധ്യായം 3 

            ഹെരോദാരാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്‍ലഹേമിൽ ജനിച്ച ശേഷം, കിഴക്കു നിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി: യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഹെരോദാരാജാവ് അതു കേട്ടിട്ട് അവനും യെരൂശലേമൊക്കെയും ഭ്രമിച്ച്, ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നത് എന്ന് അവരോടു ചോദിച്ചു. അവർ അവനോടു: യെഹൂദ്യയിലെ ബേത്‍ലഹേമിൽ തന്നെ:യെഹൂദ്യദേശത്തിലെ ബേത്‍ലഹേമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. 

എന്നാറെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.അവരെ ബേത്‍ലഹേമിലേക്ക് അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്ന് അവനെ നമസ്കരിക്കേണ്ടതിന്, വന്ന് എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു. രാജാവ് പറഞ്ഞതു കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിനു മീതെ വന്നു നില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടതു കൊണ്ട് അവർ അത്യന്തം സന്തോഷിച്ചു: ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടു കൂടെ കണ്ട്, വീണ് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച വച്ചു. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് അവർ വേറേ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. 

            അവർ പോയ ശേഷം കർത്താവിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാൻ നിന്നോടു പറയും വരെ അവിടെ പാർക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നെ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി. ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു വരുത്തി” എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതി വന്നു.വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്‍ലഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചലും വലിയ നിലവിളിയും തന്നെ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്ന് യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് അന്നു നിവൃത്തിയായി. 

എന്നാൽ ഹെരോദാവ് കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വച്ചു യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ശിശുവിനു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതു കൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.  എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിനു പകരം വാഴുന്നു എന്നു കേട്ടതു കൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു. 

മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിനു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതു പോലെ അവനെ കർത്താവിന് അർപ്പിപ്പാനും ഒരു ഇണകുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടു പോയി. കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ച ശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി.

അദ്ധ്യായം 4 

            പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകും. അവനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്ന് അവർ ഊഹിച്ചിട്ട് ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ട് അവനെ അന്വേഷിച്ചു കൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു. അമ്മ അവനോട്: മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചു കൊണ്ടു നിന്നെ തിരഞ്ഞു എന്ന് പറഞ്ഞു. അവൻ അവരോട്: എന്നെ തിരഞ്ഞത് എന്തിന്? എന്റെ പിതാവിനുള്ളതിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ എന്നു പറഞ്ഞു. അവൻ തങ്ങളോടു പറഞ്ഞ വാക്ക് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടു കൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.

             തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവ് ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽ വച്ചു ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായി. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാ താഴ്‌വരയും നികന്നു വരും; എല്ലാ മലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണും” യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചും കൊണ്ടിരുന്നു. സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു. യോഹന്നാന് ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. അന്ന് യെരൂശലേമ്യരും യെഹൂദ്യ ദേശക്കാരൊക്കെയും യോർദ്ദാന്റെ ഇരുകരയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ട് അവന്റെ അടുക്കൽ ചെന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞു കൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.

 അദ്ധ്യായം 5

             ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം: ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവനു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിനായി, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നെ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്. വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽ നിന്നു നമുക്ക് എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

             അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽ നിന്നു കയറി; അപ്പോൾ സ്വർഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നത് അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽ നിന്ന് ഒരു ശബ്ദവും ഉണ്ടായി.

             പിറ്റന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് അവൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതു കൊണ്ട് എനിക്കു മുമ്പനായിത്തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിനു വെളിപ്പെടേണ്ടതിനു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വർഗത്തിൽ നിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അത് അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നെ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.

             യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ലിയുടെ മകൻ, എസ്ലി നഗ്ഗായിയുടെ മകൻ, നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ, യോദ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ, നേരി മെല്ക്കിയുടെ മകൻ, മെല്ക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ, ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദായുടെ മകൻ, യെഹൂദാ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ, എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവ് മെന്നയുടെ മകൻ, മെന്ന മത്തഥയുടെ മകൻ, മത്തഥ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,

             ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദായുടെ മകൻ, യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേരഹിന്റെ മകൻ, തേരഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ, കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ, ലാമേക് മെഥൂശലയുടെ മകൻ, മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.

 അദ്ധ്യായം  6 

            അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്കു നടത്തി. അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവനു വിശന്നു. അപ്പോൾ പരീക്ഷകൻ അടുത്തു വന്ന്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായി ത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. അതിന് അവൻ: “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽ കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കൈയിൽ താങ്ങിക്കൊള്ളും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോട്: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ പിശാച് അവനെ മേലോട്ട് കൂട്ടിക്കൊണ്ടു പോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവനു കാണിച്ചു: ഈ അധികാരമൊക്കെയും അതിന്റെ മഹത്ത്വവും നിനക്കു തരാം; അത് എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഞാൻ കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിൻറേതാകും എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു. അങ്ങനെ പിശാച് സകല പരീക്ഷയും തികച്ച ശേഷം കുറെക്കാലത്തേക്ക് അവനെ വിട്ടുമാറി.

             യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി:ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട് : ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു എന്നു പറഞ്ഞു തുടങ്ങി. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽ നിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.

അവൻ അവരോട്: വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം. ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏലീയാവിന്റെ കാലത്ത് ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്ത് എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർഥമായി നിങ്ങളോടു പറയുന്നു. എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലീയാവിനെ അയച്ചില്ല. അവ്വണ്ണം എലീശാ പ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയാക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. പള്ളിയിലുള്ളവർ ഇതു കേട്ടിട്ട് എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു. അവനെ പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു. അവനോ അവരുടെ നടുവിൽക്കൂടി കടന്നുപോയി.

 അദ്ധ്യായം 7 

            എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവ് ചെയ്ത സകല ദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലയ്ക്കു വാങ്ങിപ്പോയി, നസറെത്തു വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു; “സെബൂലൂൻ ദേശവും നഫ്താലി ദേശവും കടല്ക്കരയിലും യോർദ്ദാനക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇട വന്നു. യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. 

            അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു. യേശു അവരോട്: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. ഉടനെ അവർ വല വിട്ട് അവനെ അനുഗമിച്ചു. അവിടെ നിന്ന് അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു. ഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടു കൂടെ പടകിൽ വിട്ട് അവനെ അനുഗമിച്ചു. 

മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. വീഞ്ഞു പോരാതെ വരികയാൽ യേശുവിന്റെ അമ്മ അവനോട്: അവർക്കു വീഞ്ഞ് ഇല്ല എന്നു പറഞ്ഞു. യേശു അവളോട്: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. അവന്റെ അമ്മ ശുശ്രൂഷക്കാരോട്: അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു. അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോട് ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ വക്കോളവും നിറച്ചു. ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്ന് അവൻ പറഞ്ഞു; അവർ കൊണ്ടു പോയി കൊടുത്തു. അത് എവിടെ നിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു: എല്ലാവരും ആദ്യം നല്ലവീഞ്ഞും ലഹരിപിടിച്ച ശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലോ എന്ന് അവനോടു പറഞ്ഞു. യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വച്ചു ചെയ്തു തന്റെ മഹത്ത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു. അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറെനാൾ പാർത്തില്ല. 

 അദ്ധ്യായം 8 

            യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. ദൈവാലയത്തിൽ കാള, ആട്, പ്രാവ് എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറു കൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോട്: ഇത് ഇവിടെ നിന്നു കൊണ്ടു പോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത് എന്നു പറഞ്ഞു. അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു എന്ന് എഴുതിയിരിക്കുന്നത് ഓർത്തു. എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചു തരും എന്നു ചോദിച്ചു. യേശു അവരോട്: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിനകം അതിനെ പണിയും എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: ഈ മന്ദിരം നാല്പത്താറ് സംവത്‍സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്. അവൻ ഇതു പറഞ്ഞു എന്ന് അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. പെസഹാപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു. യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല. മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല. 

            പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോട്: മനുഷ്യൻ വൃദ്ധനായ ശേഷം ജനിക്കുന്നത് എങ്ങനെ?  രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്ന് ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെ നിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. 

നിക്കോദേമൊസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും. ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കു ന്നില്ലെങ്കിൽ സ്വർഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നവനായി സ്വർഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗത്തിൽ കയറീട്ടില്ല. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതു പോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനു തന്നെ. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കു ന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ച ത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നെ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്ന തുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു. 

            മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗത്തിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകയും കേൾക്കയും ചെയ്തത് സാക്ഷീകരിക്കുന്നു; അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല. അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിനു മുദ്രയിടുന്നു. ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കൈയിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെ മേൽ വസിക്കുന്നതേയുള്ളൂ. 

അദ്ധ്യായം 9 

            യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്ന് കർത്താവ് അറിഞ്ഞപ്പോൾ- ശിഷ്യന്മാർ അല്ലാതെ, യേശു തന്നെ സ്നാനം കഴിപ്പിച്ചില്ല താനും- അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലയ്ക്കു യാത്രയായി. അവൻ ശമര്യയിൽക്കൂടി കടന്നുപോകേണ്ടി വന്നു. അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിനു കൊടുത്ത നിലത്തിനരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ട് ഉറവിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യക്കാർക്കും തമ്മിൽ സമ്പർക്കമില്ല- 

അതിനു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്ന്? നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നത്; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങി വരുന്ന നീരുറവായി ത്തീരും എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. യേശു അവളോട്: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടു വരിക എന്നു പറഞ്ഞു. എനിക്കു ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്കു ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നെ എന്നു യേശു പറഞ്ഞു. 

            സ്ത്രീ അവനോട്: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചു വന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു. യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്റെ വാക്ക് വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നത് ഈ മലയിലും അല്ല; യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ഇച്ഛിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. സ്ത്രീ അവനോട്: മശീഹാ- എന്നു വച്ചാൽ ക്രിസ്തു- വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചു തരും എന്നു പറഞ്ഞു. യേശു അവളോട്: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെ മശീഹാ എന്നു പറഞ്ഞു. 

            ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോട് എന്തു സംസാരിക്കുന്നു എന്ന് ആരും ചോദിച്ചില്ല. അനന്തരം സ്ത്രീ പാത്രം വച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോട്: ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാൺമിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. അവർ പട്ടണത്തിൽ നിന്നു പുറപ്പെട്ട് അവന്റെ അടുക്കൽ വന്നു. അതിനിടയിൽ ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവനു ഭക്ഷിപ്പാൻ കൊണ്ടു വന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾതന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. 

            ഞാൻ ചെയ്തതൊക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ രണ്ടു നാൾ അവിടെ പാർത്തു. ഏറ്റവും അധികം പേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു; ഇനി നിന്റെ വാക്കു കൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നെ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്ന് അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.  രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടം വിട്ടു ഗലീലയ്ക്കു പോയി. പ്രവാചകനു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നെ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിനു പോയി; അവൻ യെരൂശലേമിൽ വച്ചു പെരുന്നാളിൽ ചെയ്തതൊക്കെയും കണ്ടതു കൊണ്ട് അവനെ അംഗീകരിച്ചു. 

            അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അന്ന് മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തു നിന്നു ഗലീലയിൽ വന്നു എന്ന് അവൻ കേട്ട് അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്ക കൊണ്ട് അവൻ വന്ന് അവനെ സൗഖ്യമാക്കേണം എന്ന് അപേക്ഷിച്ചു. യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോട്: കർത്താവേ, പൈതൽ മരിക്കും മുമ്പേ വരേണമേ എന്നു പറഞ്ഞു. യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു; യേശു പറഞ്ഞ വാക്ക് വിശ്വസിച്ച് ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവനു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്, അവർ അവനോട്: ഇന്നലെ ഏഴു മണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നെ എന്ന് അപ്പൻ ഗ്രഹിച്ചു താനും കുടുംബമൊക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽ നിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു. 

അദ്ധ്യായം 10 

            അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്ന് എബ്രായ പേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തു കൊണ്ടു] കിടന്നിരുന്നു. [അതതു സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. 

എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോട്: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. അവൻ അവരോട്: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്തു നടക്ക എന്ന് എന്നോടു പറഞ്ഞു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു. എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതു കൊണ്ട് അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാലയത്തിൽ വച്ചു കണ്ട് അവനോട്: നോക്കൂ, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു. ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയത് യേശു എന്നു യെഹൂദന്മാരോട് അറിയിച്ചു. യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതു കൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതു കൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു. 

            ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നത് എല്ലാം പുത്രനും അവ്വണ്ണം തന്നെ ചെയ്യുന്നു. പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതൊക്കെയും അവനു കാണിച്ചു കൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറ് ഇവയിൽ വലിയ പ്രവൃത്തികളും അവനു കാണിച്ചു കൊടുക്കും. പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതു പോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതു പോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനു പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതു പോലെ അവൻ പുത്രനും തന്നിൽത്തന്നെ ജീവനുള്ളവൻ ആകുമാറ് വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന് അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും, പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു. 

            എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതു പോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു കൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു. ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. എനിക്കോ മനുഷ്യന്റെ സാക്ഷ്യം കൊണ്ട് ആവശ്യമില്ല; നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നത്. അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു. എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നെ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവു താനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. 

നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. എന്നാൽ നിങ്ങൾക്ക് ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക്, എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശവച്ചിരിക്കുന്ന മോശെ തന്നെ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും? 

അദ്ധ്യായം: 11 

            അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചു പോന്നു. അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ നസറായനായ യേശുവേ, വിടൂ; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നെ എന്ന് ഉറക്കെ നിലവിളിച്ചു. മിണ്ടരുത്; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേട് ഒന്നും വരുത്താതെ അവനെ വിട്ടുപോയി. എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്ത്? അധികാരത്തോടും ശക്തിയോടും കൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞു കൊണ്ടിരുന്നു. അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു. 

            അവൻ പള്ളിയിൽ നിന്ന് ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരം കൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കു വേണ്ടി അവനോട് അപേക്ഷിച്ചു. അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അത് അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടു വന്നു; അവൻ വാക്കു കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവരൊക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവച്ച് അവരെ സൗഖ്യമാക്കി. പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്ന് നിലവിളിച്ചു പറഞ്ഞു കൊണ്ട് പുറപ്പെട്ടു പോയി; താൻ ക്രിസ്തു എന്ന് അവ അറിക കൊണ്ട് മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു, വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തി യാകുവാൻ തന്നെ. 

            അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്ന്, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു.പിന്നെ യേശു ഗലീലയിലൊക്കെയും ചുറ്റി സഞ്ചരിച്ചു കൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകല ദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു. അവന്റെ ശ്രുതി സുറിയയിലൊക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടു വന്നു. അവൻ അവരെ സൗഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാനക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു. 

അദ്ധ്യായം 12 

            അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞ് അവരോട് ഉപദേശിച്ചതെന്തെന്നാൽ: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തി വരും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ. എന്നാൽ സമ്പന്നന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചു പോയല്ലോ. ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും. സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കളളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ. 

            നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെ പോയാൽ അതിന് എന്തൊന്നു കൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടു ത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത്. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 

            കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടു വരുമ്പോൾ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെ വച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. നിന്റെ പ്രതിയോഗിയോടു കൂടെ വഴിയിൽ ഉള്ളപ്പോൾ ത്തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ ചേവകനും ഏല്പിച്ചിട്ടു നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. 

            വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയം കൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം ഹേതുവാ യിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. 

            കള്ളസ്സത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിനു നിവർത്തിക്കേണം എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: അശേഷം സത്യം ചെയ്യരുത്; സ്വർഗത്തെക്കൊണ്ട് അരുത്, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അതു മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽ നിന്നു വരുന്നു. 

            കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടു കൊടുക്ക. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ട് അവനോടു കൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞു കളയരുത്. മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ. 

കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർഥിപ്പിൻ. സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവൻ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നെ ചെയ്യുന്നില്ലയോ?  സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നെ ചെയ്യുന്നില്ലയോ?   നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ. മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടം കൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കി വാങ്ങേണ്ടതിനു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ. നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അങ്ങനെ നിങ്ങളുടെ പിതാവ് മനസ്സലിവുള്ളവൻ ആകുന്നതു പോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ. ആകയാൽ നിങ്ങളുടെ സ്വർഗീയപിതാവ് സൽഗുണപൂർണൻ ആയിരിക്കുന്നതു പോലെ നിങ്ങളും സൽഗുണപൂർണരാകുവിൻ. 

അദ്ധ്യായം 13 

മനുഷ്യർ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.  ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതു പോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു വലങ്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയരുത്. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നു കൊണ്ടു പ്രാർഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിനു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിനു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും. 

            പ്രാർഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്. അവരോടു തുല്യരാകരുത്; നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ യാചിക്കും മുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ. നിങ്ങൾ ഇവ്വണ്ണം പ്രാർഥിപ്പിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;  നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;   ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;  ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും നിനക്കുള്ളതല്ലോ. നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. 

            നിങ്ങൾക്കുള്ളത് വിറ്റു ഭിക്ഷ കൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗത്തിൽ, പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ. പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിൻകീഴിലോ വയ്ക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്. ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്ക് തിളക്കം കൊണ്ടു നിന്നെ പ്രകാശിപ്പിക്കും പോലെ അശേഷം പ്രകാശിതമായിരിക്കും.

             രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാൻ കഴികയില്ല. അതു കൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായി ക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെ ക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ആകയാൽ ഏറ്റവും ചെറിയതിനു പോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നത് എന്ത്? 

ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻ പോലും തന്റെ സർവമഹത്ത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത്. ഈ വകയൊക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടു കൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. അതുകൊണ്ടു നാളേക്കായി വിചാരപ്പെടരുത്; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി. 

അദ്ധ്യായം 14 

            നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. 

കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. അവൻ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?   എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നത് എന്ത്? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട്: നില്ല്, നിന്റെ കണ്ണിൽ നിന്നു കരട് എടുത്തു കളയട്ടെ, എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിൽ നിന്നു കോൽ എടുത്തു കളക; പിന്നെ സഹോദരന്റെ കണ്ണിൽ നിന്നു കരട് എടുത്തു കളവാൻ വെടിപ്പായി കാണും.  വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുത്. 

            പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹിതൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;  എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവനു വിളമ്പി ക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്ന് അവനോടു പറഞ്ഞാൽ: എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്നോടു കൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്ന് അകത്തു നിന്ന് ഉത്തരം പറഞ്ഞാലും അവൻ സ്നേഹിതനാക കൊണ്ട് എഴുന്നേറ്റ് അവന് കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്ക നിമിത്തം എഴുന്നേറ്റ് അവന് വേണ്ടുന്നേടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.  യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്നവന് ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?  മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?  അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽ കൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു  പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്;  അതു കണ്ടെത്തുന്നവർ  ചുരുക്കമത്രേ. 

            കള്ളപ്രവാചകന്മാരെ സൂക്ഷിച്ചു കൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ?  നല്ല വൃക്ഷം  ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാൻ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്ന് നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്ന് ദോഷം പുറപ്പെടുവിക്കുന്നു.  ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്. 

            എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോട്: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും. ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു. 

            ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;  അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോട് ഉപദേശിച്ചത്. 

അദ്ധ്യായം:  15 

അവൻ മലയിൽ നിന്ന് ഇറങ്ങി വന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞൊരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന് അവനോട് അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ട്, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവനു ശുദ്ധി വന്നു. യേശു അവനെ അമർച്ചയായി ശാസിച്ചു: നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്നു പുരോഹിതനു നിന്നെത്തന്നെ കാണിച്ച്, നിന്റെ ശുദ്ധീകരണത്തിനു വേണ്ടി മോശെ കല്പിച്ചത് അവർക്കു സാക്ഷ്യത്തിനായി അർപ്പിക്ക എന്നു പറഞ്ഞ് അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിനു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി. 

            ചില ദിവസം കഴിഞ്ഞ ശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി. ഉടനെ വാതില്ക്കൽ പോലും ഇടമില്ലാതവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടു കൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തു കൊണ്ടു വന്നു; അവനെ അകത്തു കൊണ്ടു ചെന്ന് അവന്റെ മുമ്പിൽ വയ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടു ചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ, ഇറക്കിവച്ചു. യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നത് എന്ത്?  ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചു കൊണ്ടിരുന്നു. ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ച് അവരോട്: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്?   പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്ത് എല്ലാവരും കാൺകെ പുറപ്പെട്ടു; അതു കൊണ്ട് എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി. 

            അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു. അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളൊരു ചുങ്കക്കാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു. അവൻ സകലവും വിട്ട് എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തന്റെ വീട്ടിൽ അവന് ഒരു വലിയ വിരുന്ന് ഒരുക്കി; ചുങ്കക്കാരും മറ്റും വലിയൊരു പുരുഷാരം അവരോടു കൂടെ പന്തിയിൽ ഇരുന്നു. പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോട്: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നത് എന്ത് എന്നു പറഞ്ഞ് പിറുപിറുത്തു. യേശു അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യ മുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിപ്പാൻ വന്നിരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു. 

            അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ചു പ്രാർഥന കഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. യേശു അവരോട്: മണവാളൻ തോഴ്മക്കാരോടു കൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു. ഒരു ഉപമയും അവരോട് പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയ കണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയതുരുത്തിയിലേ പകർന്നു വയ്ക്കയുള്ളൂ; അങ്ങനെ രണ്ടും ഭദ്രമായിരിക്കും. പിന്നെ പഴയതു കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും. 

അദ്ധ്യായം 16 

            ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽക്കൂടി കടന്നു പോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് കതിർ പറിച്ച് തിന്നു തുടങ്ങി. പരീശർ അതു കണ്ടിട്ട്: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത്? അവൻ ദൈവാലയത്തിൽ ചെന്ന് പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?   അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. പിന്നെ അവൻ അവരോട്: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നു പറഞ്ഞു. 

            മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലംകൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. അവരുടെ വിചാരം അറിഞ്ഞിട്ട് അവൻ വരണ്ടകൈയുള്ള മനുഷ്യനോട്: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു നിന്നു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ എന്ന് അവനോടു ചോദിച്ചു. യേശു അവരോട്: ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ, ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏത് വിഹിതം എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങളിൽ ഒരുത്തന് ഒരു ആടുണ്ട് എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു. അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചു കൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി. ഉടനെ പരീശന്മാർ പുറപ്പെട്ട്, അവനെ നശിപ്പിക്കേണ്ടതിനു ഹെരോദ്യരുമായി ആലോചന കഴിച്ചു. 

            യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോട് ആജ്ഞാപിച്ചു. ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വയ്ക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തു കളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവയ്ക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതി വന്നു. യേശു ശിഷ്യന്മാരുമായി കടല്ക്കരയ്ക്കു വാങ്ങിപ്പോയി; ഗലീലയിൽ നിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു; യെഹൂദ്യയിൽ നിന്നും യെരൂശലേമിൽ നിന്നും എദോമിൽ നിന്നും യോർദ്ദാനക്കരെ നിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടിൽ നിന്നും വലിയൊരു കൂട്ടം അവൻ ചെയ്തത് ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു ചെറുപടകു തനിക്ക് ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന് അവൻ അവരെ വളരെ ശാസിച്ചുപോന്നു. 

അദ്ധ്യായം 17 

            ആ കാലത്ത് അവൻ പ്രാർഥിക്കേണ്ടതിന് ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവൻ തന്നോടു കൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു: പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരാവിത്: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ. 

അവൻ കഫർന്നഹൂമിൽ ചെന്നു.  അവിടെ ഒരു ശതാധിപനു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു. അവൻ യേശുവിന്റെ വസ്തുത കേട്ടിട്ട്, അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടതിന് അവനോട് അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽ വന്ന്, അവനോട് താൽപര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ; അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു;  ഞങ്ങൾക്ക് ഒരു പള്ളിയും തീർപ്പിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. യേശു അവരോടു കൂടെ പോയി, വീട്ടിനോട് അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ. അതു കൊണ്ട് നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്ന് എനിക്കു തോന്നീട്ടില്ല. ഒരു വാക്ക് കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. ഞാനും അധികാരത്തിന് കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഒരുവനോട്: പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട്: വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു. യേശു അത് കേട്ടിട്ട് അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽക്കൂടി ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല;  കിഴക്കു നിന്നും പടിഞ്ഞാറു നിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും. രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആ നാഴികയിൽ തന്നെ അവന്റെ ബാല്യക്കാരനു സൗഖ്യം വന്നു. ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു. 

പിറ്റന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. അവൻ പട്ടണത്തിന്റെ വാതിലിനോട് അടുത്തപ്പോൾ മരിച്ചു പോയ ഒരുത്തനെ പുറത്തു കൊണ്ടു വരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവയായിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടു കൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ, എഴുന്നേല്ക്ക എന്ന് ഞാൻ നിന്നോടു പറയുന്നു എന്ന് അവൻ പറഞ്ഞു. മരിച്ചവൻ എഴുന്നേറ്റ് ഇരുന്നു സംസാരിക്കുവാൻ തുടങ്ങി; അവൻ അവനെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു. എല്ലാവർക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വീകരിച്ചു. അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിലൊക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു. 

പരീശന്മാരിൽ ഒരുത്തൻ തന്നോടു കൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിനിരുന്നു. ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നത് അറിഞ്ഞ് ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടു വന്നു, പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞു കൊണ്ട് നിന്നു കണ്ണുനീർ കൊണ്ട് അവന്റെ കാൽ നനച്ചു തുടങ്ങി; തലമുടി കൊണ്ടു തുടച്ചു കാൽ ചുംബിച്ചു തൈലം പൂശി. അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്ന് ഉള്ളിൽ പറഞ്ഞു. ശിമോനേ, നിന്നോട് ഒന്നു പറവാനുണ്ട് എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്ന് അവൻ പറഞ്ഞു. കടം കൊടുക്കുന്ന ഒരുത്തനു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളച്ചു കൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?  അധികം ഇളച്ചു കിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചത് ശരി എന്നു പറഞ്ഞു. സ്ത്രീയുടെ നേരേ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിനു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർ കൊണ്ട് എന്റെ കാൽ നനച്ചു തലമുടി കൊണ്ടു തുടച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമളതൈലം കൊണ്ട് എന്റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചു കിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു തുടങ്ങി. അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു. 

അദ്ധ്യായം 18 

അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചും കൊണ്ടു പട്ടണം തോറും സഞ്ചരിച്ചു. അവനോടു കൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടു പോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവക കൊണ്ട് അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു. 

അവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻ പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങിക്കൂടി വന്നു. അനന്തരം ചിലർ കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടു വന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‍വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദുപുത്രൻ തന്നെയോ എന്നു പറഞ്ഞു. അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു. അവൻ അവരെ അടുക്കെ വിളിച്ച് ഉപമകളാൽ അവരോടു പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?   ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. ഒരു വീടു തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിനു നിലനില്പാൻ കഴികയില്ല. ഒരു പട്ടണമോ ഗൃഹമോ തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽത്തന്നെ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? 

 ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതു കൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. എന്നാൽ ദൈവത്തിന്റെ ശക്തി കൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടു കൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. 

അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ട ശേഷം നീരില്ലാത്ത സ്ഥലങ്ങളിൽക്കൂടി തണുപ്പ് അന്വേഷിച്ചു കൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ല താനും. ഞാൻ പുറപ്പെട്ടു പോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; ഉടനെ വന്ന്, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. പിന്നെ അവൻ പുറപ്പെട്ട്, തന്നിലും ദുഷ്ടതയേറിയ വേറേ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും. 

 മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വയ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നത്. സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്. നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർനിക്ഷേപത്തിൽ നിന്നു തീയതു പുറപ്പെടുവിക്കുന്നു. എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടി വരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. അവന് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്ന് അവർ പറഞ്ഞിരുന്നു. 

ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തു കാൺമാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനായിലും വലിയവൻ. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ;  ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. 

അവൻ പുരുഷാരത്തോടു സംസാരിച്ചുകൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോട് അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു.  ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു, എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്ന് ഉത്തരം പറഞ്ഞു. 

അദ്ധ്യായം 19 

അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുക കൊണ്ട് അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു. അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞത്: കേൾപ്പിൻ; വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നു കളഞ്ഞു. മറ്റു ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിനു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചു വന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്ക കൊണ്ട് ഉണങ്ങിപ്പോയി. മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. മറ്റു ചിലതു നല്ല മണ്ണിൽ വീണിട്ടു മുളച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു. 

പിന്നെ ശിഷ്യന്മാർ അടുക്കൽ വന്ന്: അവരോട് ഉപമകളായി സംസാരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. അവരോട് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു. അവർ മനം തിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതും കൂടെ എടുത്തു കളയും. നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും. ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവി കൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണ് അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞു കൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനു തന്നെ” എന്നു യെശയ്യാവ് പറഞ്ഞ പ്രവാചകത്തിന് അവരിൽ നിവൃത്തി വരുന്നു. എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതു കൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതു കൊണ്ടും ഭാഗ്യമുള്ളവ. ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാൺമാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 

അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമ എന്ത് എന്നു ചോദിച്ചതിന് അവൻ പറഞ്ഞത്: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റ് ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും? ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്ക പ്പെടാതിരിപ്പാൻ പിശാച് വന്ന് അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തു കളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. മുള്ളിനിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നെ. 

അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു. വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെ നിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചു കൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതു പോകും. രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പേ കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടി വയ്പാനും കല്പിക്കും എന്നു പറഞ്ഞു. 

അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചു തരേണം എന്ന് അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതച്ച ശത്രു പിശാച്; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടും പോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽ നിന്നു എല്ലാ ഇടർച്ചകളെയും അധർമം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും. അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. 

പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞ ശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളച്ചു വളരുന്നതു പോലെ ആകുന്നു. ഭൂമി സ്വയമായി മുമ്പേ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. ധാന്യം വിളയുമ്പോൾ കൊയ്ത്തായതു കൊണ്ട് അവൻ ഉടനെ അരിവാൾ വയ്ക്കുന്നു അവൻ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടൂ? ഏത് ഉപമയാൽ അതിനെ വർണിക്കേണ്ടൂ? അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതയ്ക്കുമ്പോൾ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയത്. എങ്കിലും വിതച്ച ശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്ന്, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വർഗരാജ്യം പുളിച്ച മാവിനോട് സദൃശം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവിൽ എല്ലാം പുളിച്ചു വരുവോളം അടക്കി വച്ചു. ഇതൊക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല.  ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതി വന്നു. 

സ്വർഗരാജ്യം വയലിൽ ഒളിച്ചു വച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. പിന്നെയും സ്വർഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി.  പിന്നെയും സ്വർഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായൊരു വലയോടു സദൃശം. നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരയ്ക്കു കയറ്റി, ഇരുന്നു കൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്ത എറിഞ്ഞു കളഞ്ഞു. അങ്ങനെ തന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽ നിന്നു ദുഷ്ടന്മാരെ വേർതിരിച്ച് തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.  ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് അവർ ഉവ്വ് എന്നു പറഞ്ഞു. അവൻ അവരോട്: അതു കൊണ്ടു സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു. അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയും പോലെ അവരോടു വചനം പറഞ്ഞു പോന്നു. ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും. 

പിന്നെ അവൻ അവരോടു പറഞ്ഞത്:  വിളക്കു കൊളുത്തീട്ട് ആരും അതിനെ പാത്രം കൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വയ്ക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്. വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. നിങ്ങൾ കേൾക്കുന്നത് എന്ത് എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവു കൊണ്ടു നിങ്ങൾക്കും അളന്നു കിട്ടും; അധികമായും കിട്ടും. ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചു കൊൾവിൻ. ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തു കളയും എന്നും അവൻ അവരോടു പറഞ്ഞു. 

അദ്ധ്യായം  20           

ഈ ഉപമകളെ പറഞ്ഞു തീർന്ന ശേഷം യേശു അവിടെ നിന്നു പുറപ്പെട്ട്, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചു തുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന് ഇവ എവിടെ നിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കൈയാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്? ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. ഏതാനും ചില രോഗികളുടെ മേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചു കൊണ്ടു സഞ്ചരിച്ചു പോന്നു. 

എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരയ്ക്കു പോകുവാൻ കല്പിച്ചു. അന്ന് ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. യേശു അവനോട്: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ ഇടമില്ല എന്നു പറഞ്ഞു. വേറൊരുത്തനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവൻ: ഞാൻ മുമ്പേ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം എന്നു പറഞ്ഞു. അവൻ അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു: മറ്റൊരുത്തൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു. യേശു അവനോട്: കലപ്പയ്ക്കു കൈ വച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിനു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു. 

അന്നു സന്ധ്യയായപ്പോൾ: നാം അക്കരയ്ക്കു പോക എന്ന് അവൻ അവരോടു പറഞ്ഞു. അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. അവർ പുരുഷാരത്തെ വിട്ട്, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടു പോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;  അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുക കൊണ്ട് അതു മുങ്ങുമാറായി. അവൻ അമരത്തു തലയണ വച്ച് ഉറങ്ങുകയായിരുന്നു; പടകിൽ വെള്ളം നിറഞ്ഞിട്ട് അവർ പ്രാണഭയത്തിലായി അടുക്കൽ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവൻ അവരോട്: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ എന്നു പറഞ്ഞു. അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞ് ആശ്ചര്യപ്പെട്ടു. 

അവർ ഗലീലയ്ക്കു നേരേയുള്ള ഗെരസേന്യ ദേശത്ത് അണഞ്ഞു. അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്ന് എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു. പലപ്പോഴും അവനെ വിലങ്ങും ചങ്ങലയും കൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചു പൊട്ടിച്ചും വിലങ്ങ് ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല. അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൻ കല്ലുകൊണ്ടു ചതച്ചും പോന്നു. അവൻ യേശുവിനെ ദൂരത്തു നിന്നു കണ്ടിട്ട് ഓടിച്ചെന്ന് അവനെ നമസ്കരിച്ചു. അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടു പോക എന്ന് യേശു കല്പിച്ചിരുന്നു. 

നിന്റെ പേരെന്ത് എന്ന് അവനോടു ചോദിച്ചതിന്: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്ന് അവൻ ഉത്തരം പറഞ്ഞു; നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്ന് അപേക്ഷിച്ചു. അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ആ പന്നികളിൽ കടക്കേണ്ടതിനു ഞങ്ങളെ അയയ്ക്കേണം എന്ന് അവർ അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. ഈ സംഭവിച്ചത് മേയിക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു. സംഭവിച്ചതു കാൺമാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്തനു സൗഖ്യം വന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു. ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി; തങ്ങളെ വിട്ടുപോകേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകു കയറി മടങ്ങിപ്പോന്നു. അവൻ പടക് ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ” എന്ന് അവനോട് അപേക്ഷിച്ചു. യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു. അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലി നാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു. 

അദ്ധ്യായം  21 

അവൻ പടകിൽ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവനായിട്ട് കാത്തിരിക്കയായിരുന്നു. അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളൊരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽ വീണു. അവന് ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപെട്ടു ജീവിക്കേണ്ടതിനു നീ വന്ന് അവളുടെ മേൽ കൈ വയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു. അവൻ അവനോടു കൂടെ പോയി, വലിയ പുരുഷാരവും പിൻചെന്ന് അവനെ തിക്കിക്കൊണ്ടിരുന്നു. 

അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞവളുമായോരു സ്ത്രീ, പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു: അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപെടും എന്നു പറഞ്ഞു പുരുഷാരത്തിൽ കൂടി പുറകിൽ വന്ന് അവന്റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്ന് അവൾ ശരീരത്തിൽ അറിഞ്ഞു. ഉടനെ യേശു തങ്കൽ നിന്നു ശക്തി പുറപ്പെട്ടു എന്ന് ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടത് ആർ എന്നു ചോദിച്ചു. ശിഷ്യന്മാർ അവനോടു പുരുഷാരം നിന്നെ തിക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടത് ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു. അവനോ അതു ചെയ്തവളെ കാൺമാൻ ചുറ്റും നോക്കി. യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽ നിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു. താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചും കൊണ്ടു വന്ന് അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട” സംഗതിയും തൽക്ഷണം സൗഖ്യമായതും സകല ജനവും കേൾക്കെ അറിയിച്ചു. അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു. 

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽ നിന്ന് ആൾ വന്നു: നിന്റെ മകൾ മരിച്ചു പോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന് എന്നു പറഞ്ഞു. യേശു അതു കേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടു കൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല. എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്ന് അവൻ പറഞ്ഞു. അവരോ അവൾ മരിച്ചുപോയി എന്ന് അറിക കൊണ്ട് അവനെ പരിഹസിച്ചു. എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്ന് അവളോട് ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവ് മടങ്ങി വന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു. അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുതെന്ന് അവൻ അവരോട് കല്പിച്ചു. 

യേശു അവിടെ നിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചും കൊണ്ടു പിന്തുടർന്നു. അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‍വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്ന് യേശു ചോദിച്ചതിന്: ഉവ്വ്, കർത്താവേ എന്ന് അവർ പറഞ്ഞു. അവൻ അവരുടെ കണ്ണ് തൊട്ടു: നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുത് എന്ന് അമർച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ട് ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.

അദ്ധ്യായം  22

 പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് അവരുടെ പള്ളികളിൽ ഉപദേശിച്ച് രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധ ദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു. അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോട്: കൊയ്ത്ത് വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കേണ്ടതിനു യാചിപ്പിൻ എന്നു പറഞ്ഞു.  അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്ക് അധികാരം കൊടുത്തു  ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു. 

പന്ത്രണ്ടു പേരെയും യേശു അയയ്ക്കുമ്പോൾ അവരോട് ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നെ ചെല്ലുവിൻ. നിങ്ങൾ പോകുമ്പോൾ: സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ. മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടുടുപ്പും ചെരിപ്പും വടിയും കരുതരുത്; വേലക്കാരൻ തന്റെ ആഹാരത്തിനു യോഗ്യനല്ലോ. ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്ന് അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടെത്തന്നെ പാർപ്പിൻ. ആ വീട്ടിൽ ചെല്ലുമ്പോൾ അതിന് വന്ദനം പറവിൻ. വീട്ടിനു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ. ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടെയും ഗമോര്യരുടെയും ദേശത്തിനു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 

ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽ വച്ച് ചമ്മട്ടി കൊണ്ട് അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടു പോകയും ചെയ്യും; അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടൂ എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളത് ആ നാഴികയിൽ തന്നെ നിങ്ങൾക്കു ലഭിക്കും. പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ. പറയേണ്ടത് പരിശുദ്ധാത്മാവ് ആ നാഴികയിൽത്തന്നെ നിങ്ങളെ പഠിപ്പിക്കും. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽപട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനനു മീതെയുമല്ല; ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നത് ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?   അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ 

അതിനിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞു തുടങ്ങിയത്: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. മൂടിവച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വച്ചു ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽ ഘോഷിക്കും. മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്ത് പറവിൻ; ചെവിയിൽ പറഞ്ഞു കേൾക്കുന്നത് പുരമുകളിൽനിന്നു ഘോഷിപ്പിൻ. 

എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചു തരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ. കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നു പോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെ ക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും. 

ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നത്. മനുഷ്യന്റെ വീട്ടുകാർ തന്നെ അവന്റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല;  എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. 

നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. പ്രവാചകൻ എന്നു വച്ച് പ്രവാചകനെ കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നു വച്ച് നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നു വച്ച് ഈ ചെറിയവരിൽ ഒരുത്തന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീർന്ന ശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി. അവർ പുറപ്പെട്ട് എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയും കൊണ്ട് ഊരുതോറും സഞ്ചരിച്ചു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;  വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്ക് എണ്ണ തേച്ചു സൗഖ്യം വരുത്തുകയും ചെയ്തു. പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നു കൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. 

അദ്ധ്യായം  23 

അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരയ്ക്കു പോയി. അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു. അവർ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പേ എത്തി. അവൻ പടകിൽ നിന്ന് ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആക കൊണ്ട് അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി. ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു. വൈകുന്നേര മായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന്: ഈ സ്ഥലം മരുഭൂമിയല്ലോ, നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിനു അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. യേശു വലിയൊരു പുരുഷാരത്തെ തന്റെ അടുക്കൽ  കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്കു തിന്നുവാൻ നാം എവിടെ നിന്ന് അപ്പം വാങ്ങും എന്നു ചോദിച്ചു. ഇത് അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്തു ചെയ്‍വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറു പണത്തിന് അപ്പം മതിയാകയില്ല എന്ന് ഉത്തരം പറഞ്ഞു. ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവർക്കു തിന്മാൻ കൊടുക്കയോ എന്ന് അവനോടു പറഞ്ഞു. 

            അവൻ അവരോട്: നിങ്ങൾക്ക് എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; ശിഷ്യന്മാരിൽ ഒരുത്തനായ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോട്: ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളൂ എന്നു പറഞ്ഞു. അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു. പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു കൊണ്ട് സ്വർഗത്തേക്ക് നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിനു വിളമ്പുവാൻ ശിഷ്യന്മാരുടെ കൈയിൽ കൊടുത്തു. അവർക്കു തൃപ്തിയായ ശേഷം അവൻ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു. അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു; പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു. അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു. 

അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാൻ അവരെ നിർബന്ധിച്ചു. അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു. പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു. കാറ്റു പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ചു വലയുന്നത് അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്ന് അവർ നിരൂപിച്ചു നിലവിളിച്ചു. എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. 

അതിനു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിനു കല്പിക്കേണം എന്നു പറഞ്ഞു. വരിക എന്ന് അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്ന് ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു. എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു. യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു എന്നു പറഞ്ഞു. അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു. പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു. അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല. അവർ അക്കരെ എത്തി ഗെന്നേസരെത്ത് ദേശത്ത് അണഞ്ഞു. അവർ പടകിൽ നിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു. ആ നാട്ടിലൊക്കെയും ചുറ്റി ഓടി, അവൻ ഉണ്ട് എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തും കൊണ്ടു വന്നു തുടങ്ങി. ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നേടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടു വന്നു വച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കയും അവനെ തൊട്ടവർക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു. 

അദ്ധ്യായം  24 

പിറ്റന്നാൾ കടല്ക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും, യേശു ശിഷ്യന്മാരോടു കൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു. എന്നാൽ കർത്താവ് വാഴ്ത്തിയിട്ട് അവർ അപ്പം തിന്ന സ്ഥലത്തിനരികെ തിബെര്യാസിൽ നിന്നു ചെറുപടകുകൾ എത്തിയിരുന്നു. യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി. കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു. അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതു കൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതു കൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തി നായിട്ടു തന്നെ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. 

അവർ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന് ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു. യേശു അവരോട്: ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്തു പ്രവർത്തിക്കുന്നു? നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന തിന്നു; അവർക്കു തിന്നുവാൻ സ്വർഗത്തിൽ നിന്ന് അപ്പം കൊടുത്തു എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗത്തിൽ നിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നത് എന്റെ പിതാവത്രേ, സ്വർഗത്തിൽ നിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നത്. ദൈവത്തിന്റെ അപ്പമോ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു. അവർ അവനോട്: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. 

പിതാവ് എനിക്കു തരുന്നതൊക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. ഞാൻ എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നത്. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ, എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ നോക്കി ക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. 

ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന അപ്പം എന്ന് അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു: ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നു എന്ന് അവൻ പറയുന്നത് എങ്ങനെ എന്ന് അവർ പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ;  എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന് സ്വർഗത്തിൽ നിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. 

ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിനു തരുവാൻ ഇവന് എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു. യേശു അവരോടു പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിന്മൂലം ജീവിക്കുന്നതു പോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും. സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന അപ്പം ഇത് ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതു പോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. അവൻ കഫർന്നഹൂമിൽ ഉപദേശിക്കുമ്പോൾ പള്ളിയിൽവച്ച് ഇതു പറഞ്ഞു. 

അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ട്: ഇത് കഠിനവാക്ക്; ഇത് ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽത്തന്നെ അറിഞ്ഞ് അവരോട്: ഇതു നിങ്ങൾക്ക് ഇടർച്ച ആകുന്നുവോ? മനുഷ്യപുത്രൻ മുമ്പേ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു പറഞ്ഞു. - വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു - ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോട്: പിതാവ് കൃപ നല്കിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞത് എന്നും അവൻ പറഞ്ഞു. അന്നു മുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല. ആകയാൽ യേശു പന്തിരുവരോട്: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട്: നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായെക്കുറിച്ചു പറഞ്ഞു. ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചു കൊടുപ്പാനുള്ളവൻ ആയിരുന്നു. 

അദ്ധ്യായം  25 

അതിന്റെ ശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതു കൊണ്ടു, യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നുഎന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നുഅവന്റെ സഹോദരന്മാർ അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോകപ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞുഅവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ലയേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്പോഴും സമയം തന്നെനിങ്ങളെ പകപ്പാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ട്, അത് എന്നെ പകയ്ക്കുന്നുനിങ്ങൾ പെരുന്നാളിനു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ല  ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നെ പാർത്തു. 

അവന്റെ സഹോദരന്മാർ പെരുന്നാളിന് പോയ ശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.  എന്നാൽ യെഹൂദന്മാർ പെരുന്നാളിൽ: അവൻ എവിടെ എന്നു ചോദിച്ച് അവനെ അന്വേഷിച്ചുപുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പ് ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞുഎങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല. പെരുന്നാൾ പാതി കഴിഞ്ഞ ശേഷം യേശു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചുവിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞ് ആശ്ചര്യപ്പെട്ടുയേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എൻറേതല്ല, എന്നെ അയച്ചവൻറേതത്രേഅവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ, ഉപദേശം ദൈവത്തിൽ നിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയുംസ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്ത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ലമോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്അതിനു പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു? എന്ന് ഉത്തരം പറഞ്ഞുയേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നുമോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ -അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്- നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നുമോശെയുടെ ന്യായപ്രമാണത്തിനു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ, ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോകാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിൻ. 

യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോഅവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർഥമായി ഗ്രഹിച്ചുവോഎങ്കിലും ഇവൻ എവിടെ നിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെ നിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞുആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെ നിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ലഞാൻ അവന്റെ അടുക്കൽ നിന്നു വന്നതു കൊണ്ടും അവൻ എന്നെ അയച്ചതു കൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചു പറഞ്ഞുആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈവച്ചില്ലപുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് അവനിൽ വിശ്വസിച്ചുപുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.  

            യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടു കൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നുനിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ല താനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞുഅതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോനിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്ന് പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെഎന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതു പോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചു പറഞ്ഞുഅവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവ് വന്നിട്ടില്ലായിരുന്നു.  

പുരുഷാരത്തിൽ പലരും വാക്കു കേട്ടിട്ട്: ഇവൻ സാക്ഷാൽ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞുവേറേ ചിലർ: ഇവൻ ക്രിസ്തു തന്നെ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നത്ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ലഹേമിൽ നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞുഅങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായിഅവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈവച്ചില്ല. ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങി വന്നപ്പോൾ അവർ അവരോട്: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്ത് എന്ന് ചോദിച്ചതിന് മനുഷ്യൻ സംസാരിക്കുന്നതു പോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്ന് ചേവകർ ഉത്തരം പറഞ്ഞുപരീശന്മാർ അവരോട്: നിങ്ങളും തെറ്റിപ്പോയോപ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്ന് ഉത്തരം പറഞ്ഞുഅവരിൽ ഒരുത്തനായി, മുമ്പേ അവന്റെ അടുക്കൽ വന്നിരുന്ന നിക്കോദേമൊസ് അവരോട്ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ട്, അവൻ ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞുഅവർ അവനോട്: നീയും ഗലീലക്കാരനോ? പരിശോധിച്ചു നോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. 

അദ്ധ്യായം  26 

യേശുവോ ഒലിവ്മലയിലേക്കു പോയി. അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനമൊക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്ന് അവരെ ഉപദേശിച്ചു കൊണ്ടിരിക്കുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടു വന്ന് നടുവിൽ നിറുത്തി അവനോട്: ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമത്തിൽ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്ന് മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചു. ഇത് അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽ കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ അവനോട് ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമത് കല്ല് എറിയട്ടെ എന്ന് അവരോട് പറഞ്ഞു. പിന്നെയും കുനിഞ്ഞ് വിരൽ കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ടു, മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവിർന്ന് അവളോട്: സ്ത്രീയേ, അവർ എവിടെ? നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? എന്ന് ചോദിച്ചതിന്: ഇല്ല കർത്താവേ, എന്ന് അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു. 

യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു. പരീശന്മാർ അവനോട്: നീ നിന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യം അല്ല എന്നു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല. നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരി ക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു. അവർ അവനോട്: നിന്റെ പിതാവ് എവിടെ എന്നു ചോദിച്ചതിനു യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാര സ്ഥലത്തു വച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതു വരെയും വന്നിട്ടില്ലായ്ക കൊണ്ട് ആരും അവനെ പിടിച്ചില്ല. 

അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു. ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്ന് അവൻ പറഞ്ഞതു കൊണ്ട് പക്ഷേ തന്നെത്താൻ കൊല്ലുമോ എന്ന് യെഹൂദന്മാർ പറഞ്ഞു. അവൻ അവരോട്: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ, നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ; ഞാൻ ഈ ലോകത്തിൽനിന്നുള്ളവനല്ല. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്ന് വിശ്വസിക്കാഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു. അവർ അവനോട്: നീ ആർ ആകുന്നു എന്ന് ചോദിച്ചതിനു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നെ. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നെ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോടു പറഞ്ഞത് എന്ന് അവർ ഗ്രഹിച്ചില്ല. ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയ ശേഷം ഞാൻ തന്നെ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചു തന്നതു പോലെ ഇത് സംസാരിക്കുന്നു എന്നും അറിയും. എന്നെ അയച്ചവൻ എന്നോടു കൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതു കൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. 

അവൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്ന് ഉത്തരം പറഞ്ഞു. അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിനു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്ന് ഉത്തരം പറഞ്ഞതിനു യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവം തന്നെ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽ നിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽ നിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതു കൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?  ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്ക കൊണ്ടു കേൾക്കുന്നില്ല. 

യെഹൂദന്മാർ അവനോട്: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ എന്നു പറഞ്ഞു. അതിനു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നത്: നിങ്ങളോ എന്നെ അപമാനിക്കുന്നു. ഞാൻ എന്റെ മഹത്ത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ട്. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന് യേശു: ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എന്റെ മഹത്ത്വം ഏതുമില്ല; എന്നെ മഹത്ത്വപ്പെടുത്തുന്നത് എന്റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്ക് പറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതു കൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട് എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ല് എടുത്തു, യേശുവോ മറഞ്ഞ് ദൈവാലയം വിട്ടുപോയി. 

അദ്ധ്യായം  27 

അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായൊരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. അതിന് യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽ കൊണ്ടു ചേറുണ്ടാക്കി, ചേറ് അവന്റെ കണ്ണിന്മേൽ പൂശി നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക എന്ന് അവനോടു പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർഥം. അവൻ പോയി കഴുകി; കണ്ണു കാണുന്നവനായി മടങ്ങി വന്നു. അയൽക്കാരും അവനെ മുമ്പേ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്ന് പറഞ്ഞു. അവൻ തന്നെ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്ന് മറ്റു ചിലരും പറഞ്ഞു; ഞാൻ തന്നെ എന്ന് അവൻ പറഞ്ഞു. അവർ അവനോട്: നിന്റെ കണ്ണുതുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ: യേശു എന്നുപേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്ന് എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി, കാഴ്ച പ്രാപിച്ചു എന്ന് ഉത്തരം പറഞ്ഞു. അവൻ എവിടെ എന്ന് അവർ അവനോട് ചോദിച്ചതിന്: ഞാൻ അറിയുന്നില്ല എന്ന് അവൻ പറഞ്ഞു. 

കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അവന്റെ കണ്ണുതുറന്നത് ശബ്ബത്തുനാളിൽ ആയിരുന്നു. അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്ന് പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി. അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണു തുറന്നതു കൊണ്ടു നീ അവനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ എന്ന് അവൻ പറഞ്ഞു. കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല. കുരുടനായി ജനിച്ചു എന്ന് നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണു കാണുന്നത് എങ്ങനെ എന്ന് അവർ അവരോടു ചോദിച്ചു. അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും, കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു. എന്നാൽ കണ്ണു കാണുന്നത് എങ്ങനെ എന്ന് അറിയുന്നില്ല; അവന്റെ കണ്ണ് ആർ തുറന്നു എന്നും അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻ തന്നെ പറയും എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞത്; അവനെ ക്രിസ്തു എന്ന് ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്ന് യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു. അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന് പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞത്. 

കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിനു മഹത്ത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്ന് ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു. അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു; ഇപ്പോൾ കണ്ണു കാണുന്നു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: അവൻ നിനക്ക് എന്തു ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു. അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവനെ ശകാരിച്ചു; നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെ നിന്ന് എന്ന് അറിയുന്നില്ല എന്നു പറഞ്ഞു. ആ മനുഷ്യൻ അവരോട്: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെ നിന്ന് എന്ന് നിങ്ങൾ അറിയാത്തത് ആശ്ചര്യം. പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്ന് അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന കേൾക്കുന്നു എന്നും നാം അറിയുന്നു. കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതു മുതൽ കേട്ടിട്ടില്ല. ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‍വാൻ കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞ് അവനെ പുറത്താക്കിക്കളഞ്ഞു. 

അവനെ പുറത്താക്കി എന്ന് യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: നീ അവനെ കണ്ടിട്ടുണ്ട്; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നെ എന്നു പറഞ്ഞു. ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. കാണാത്തവർ കാൺമാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു. അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട് ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്ന് നിങ്ങൾ പറയുന്നതു കൊണ്ട് നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു. 

അദ്ധ്യായം  28 

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ, വേറേ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവനു വാതിൽകാവല്ക്കാരൻ തുറന്നു കൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയ ശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും. ഈ സാദൃശ്യം യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞത് ഇന്നത് എന്ന് അവർ ഗ്രഹിച്ചില്ല.  യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പേ വന്നവരൊക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും, മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്ത വനുമല്ലോ. 

ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതു പോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറേ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും. എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതു കൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോട് എടുത്തുകളയുന്നില്ല; ഞാൻ തന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽനിന്ന് എനിക്കു ലഭിച്ചിരിക്കുന്നു. ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. അവരിൽ പലരും; അവനു ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നത് എന്തിന് എന്നു പറഞ്ഞു. മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിനു കുരുടന്മാരുടെ കണ്ണുതുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു. 

അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു. യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്ന് അവനോട് പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കൈയിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. ഞാനും പിതാവും ഒന്നാകുന്നു. 

യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ല് എടുത്തു. യേശു അവരോട്: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തി നിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. യെഹൂദന്മാർ അവനോട്: നല്ല പ്രവൃത്തി നിമിത്തമല്ല; ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട്: നിങ്ങൾ ദേവന്മാർ ആകുന്നു എന്ന് ഞാൻ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ -തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ- ഞാൻ ദൈവത്തിന്റെ പുത്രൻ എന്ന് പറഞ്ഞതു കൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാ തിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ച് അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കൈയിൽ നിന്ന് ഒഴിഞ്ഞുപോയി.  അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചു കൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്ന് അവിടെ പാർത്തു. പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു. 

അദ്ധ്യായം  29 

യെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവ് പ്രവചിച്ചതു ശരി: ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു ; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്ത് അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതു കൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതു പോലെ തന്നേ. നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു; പിന്നെ അവരോടു പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നും മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാട് എന്നർഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‍വാൻ അവനെ സമ്മതിക്കുന്നതുമില്ല. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു. 

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോട്: എല്ലാവരും കേട്ടു ഗ്രഹിച്ചു കൊൾവിൻ. മനുഷ്യന് അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നത് അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. [കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: സ്വർഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞു പോകും. അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ഉത്തരം പറഞ്ഞു. അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോടു ചോദിച്ചു. പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചു തരേണം എന്നു പറഞ്ഞു. അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകല ഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽ നിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമം, വിടക്കുകണ്ണ് , ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തു നിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു. 

യേശു അവിടം വിട്ടു സോർ, സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്ന് അവന്റെ കാല്ക്കൽ വീണു. അവൾ സുറഫൊയീനിക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽനിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു.  കർത്താവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചു കൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്ന് അവനോട് അപേക്ഷിച്ചു. അതിന് അവൻ: യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. യേശു അവളോട്: മുമ്പേ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൾ അവനോട്: അതേ, കർത്താവേ, ചെറുനായ്ക്കളും മേശയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്ന് ഉത്തരം പറഞ്ഞു. യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു. ആ നാഴിക മുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു. അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു. 

അദ്ധ്യായം  30 

അവൻ വീണ്ടും സോരിന്റെ അതിർ വിട്ട് സീദോൻ വഴിയായി ദെക്കപ്പൊലി ദേശത്തിന്റെ നടുവിൽ ക്കൂടി ഗലീലക്കടല്പുറത്തു വന്നു. അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടു വന്ന്, അവന്റെമേൽ കൈ വയ്ക്കേണം എന്ന് അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽ നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗത്തേക്കു നോക്കി നെടുവീർപ്പിട്ട് അവനോട്: തുറന്നു വരിക എന്ന് അർഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിച്ചു. ഇത് ആരോടും പറയരുത് എന്ന് അവരോടു കല്പിച്ചു. എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞ് അത്യന്തം വിസ്മയിച്ചു.യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു. വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടു വന്ന് അവന്റെ കാല്ക്കൽ വച്ചു; അവൻ അവരെ സൗഖ്യമാക്കി;  ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി. 

ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടു കൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ട് എനിക്ക് അവരോട് അലിവു തോന്നുന്നു;   ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽ വച്ചു തളർന്നുപോകും; അവരിൽ ചിലർ ദൂരത്തു നിന്നു വന്നവരല്ലോ എന്നു പറഞ്ഞു. അതിന് അവന്റെ ശിഷ്യന്മാർ: ഇവർക്ക് ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോട്: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചു. ഏഴ് എന്ന് അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു.; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി. ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു. അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്ത് എത്തി. 

പരീശന്മാർ വന്ന് അവനെ പരീക്ഷിച്ചു കൊണ്ട് ആകാശത്തു നിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി. അവൻ ആത്മാവിൽ ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവരോട് അവൻ ഉത്തരം പറഞ്ഞത്: സന്ധ്യാസമയത്ത് ആകാശം ചുവന്നു കണ്ടാൽ നല്ല തെളിവാകും എന്നും രാവിലെ ആകാശം മൂടി ചുവന്നു കണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. പടിഞ്ഞാറു നിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. തെക്കൻകാറ്റ് ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്ക് അറിയാം; എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തത് എങ്ങനെ? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്?

അവരെ വിട്ടു പിന്നെയും പടകു കയറി അക്കരയ്ക്കു കടന്നു. അവർ അപ്പം കൊണ്ടു പോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അവരോട്: നോക്കുവിൻ, പരീശന്മാരുടെ പുളിച്ച മാവും, ഹെരോദാവിന്റെ പുളിച്ച മാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു. നമുക്ക് അപ്പം ഇല്ലായ്കയാൽ എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അതു യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ? അയ്യായിരം പേർക്കു ഞാൻ അഞ്ചപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവർ അവനോടു പറഞ്ഞു. നാലായിരം പേർക്ക് ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? ഏഴ് എന്ന് അവർ അവനോടു പറഞ്ഞു. പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചു കൊള്ളേണം എന്നു പറഞ്ഞത് അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്? അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞു എന്ന് അവർ ഗ്രഹിച്ചു.

അദ്ധ്യായം  31 

അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ: ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്ന് അവനെ തൊടേണമെന്ന് അപേക്ഷിച്ചു. അവൻ കുരുടന്റെ കൈക്കു പിടിച്ച് അവനെ ഊരിനു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈവച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു. അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾ പോലെയത്രേ കാണുന്നത് എന്നു പറഞ്ഞു. പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചു നോക്കി എല്ലാം സ്പഷ്ടമായി കണ്ടു. നീ ഊരിൽ കടക്കപോലും അരുത് എന്ന് അവൻ പറഞ്ഞ് അവനെ വീട്ടിലേക്ക് അയച്ചു. 

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയ ശേഷം തന്റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറേ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു. നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: ബർയോനാശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതൊക്കെയും സ്വർഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗത്തിൽ അഴിഞ്ഞിരിക്കും എന്ന് ഉത്തരം പറഞ്ഞു. പിന്നെ താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.. 

അന്നുമുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ട്, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണ്ടത് എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി. പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അത് അരുതേ; നിനക്ക് അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചു തുടങ്ങി. അവനോ തിരിഞ്ഞു പത്രൊസിനോട്: സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്ക് ഇടർച്ചയാകുന്നു; നീ ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു. 

പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ച് അവരോടു പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന് എന്തു പ്രയോജനം? അല്ല, തന്റെ ജീവനു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും; വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതന്മാരുമായി വരുമ്പോൾ നാണിക്കും. മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 

അദ്ധ്യായം  32 

ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർഥിപ്പാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നെ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെ ക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു;  ഉണർന്ന ശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോട്: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു താൻ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽ നിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ, ഇവനു ചെവികൊടുപ്പിൻ എന്ന് ഒരു ശബ്ദം ഉണ്ടായി. ശിഷ്യന്മാർ അതു കേട്ടിട്ട് ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. യേശു അടുത്തു ചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവർ തല പൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല. 

അവർ മലയിൽ നിന്ന് ഇറങ്ങുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്ക്കും വരെ ഈ ദർശനം ആരോടും പറയരുത് എന്നു കല്പിച്ചു. മരിച്ചവരിൽ നിന്ന് എഴുന്നേല്ക്ക എന്നുള്ളത് എന്ത് എന്നു തമ്മിൽ തർക്കിച്ചുംകൊണ്ട് അവർ ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു; ശിഷ്യന്മാർ അവനോട്: എന്നാൽ ഏലീയാവു മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത് എന്നു ചോദിച്ചു. അതിന് അവൻ: ഏലീയാവ് വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം. എന്നാൽ ഏലീയാവ് വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രനും അവരാൽ കഷ്ടപ്പെടു വാനുണ്ട് എന്ന് ഉത്തരം പറഞ്ഞു. അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു. 

അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു. പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ച് ഓടിവന്ന് അവനെ വന്ദിച്ചു. അവൻ അവരോട്: നിങ്ങൾ അവരുമായി തർക്കിക്കുന്നത് എന്ത് എന്നു ചോദിച്ചു. അതിനു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു. അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവർക്കു കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോട്: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു. 

അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തു വീണു നുരച്ചുരുണ്ടു. ഇത് അവന് സംഭവിച്ചിട്ട് എത്ര കാലമായി എന്ന് അവന്റെ അപ്പനോടു ചോദിച്ചതിന് അവൻ: ചെറുപ്പം മുതൽ തന്നെ. അത് അവനെ നശിപ്പിക്കേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോട്: നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു. എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട് അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അതു നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി. യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു. വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: ഞങ്ങൾക്ക് അതിനെ പുറത്താക്കുവാൻ കഴിയാതിരുന്നത് എന്ത് എന്ന് ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്കു കടുകുമണിയോളം വിശ്വാസ മുണ്ടെങ്കിൽ ഈ മലയോട്: ഇവിടെ നിന്ന് അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്ക് ഒന്നും അസാധ്യമാകയുമില്ല. [എങ്കിലും പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല] എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 

അദ്ധ്യായം  33 

അവിടെ നിന്ന് അവർ പുറപ്പെട്ടു ഗലീലയിൽക്കൂടി സഞ്ചരിച്ചു; അത് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു. അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച് അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. ആ വാക്ക് അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. 

അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്: ഉവ്വ് എന്ന് അവൻ പറഞ്ഞു. അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോട്: ശിമോനേ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്: അന്യരോട് എന്ന് അവൻ പറഞ്ഞു. യേശു അവനോട്: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ്തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു. 

അവരിൽവച്ചു ആർ വലിയവൻ എന്ന് ഒരു വാദം അവരുടെ ഇടയിൽ നടന്നു. അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽ വച്ചു തമ്മിൽ വാദിച്ചത് എന്ത് എന്ന് അവരോടു ചോദിച്ചു. അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.   യേശു അവരുടെ ഹൃദയവിചാരം കണ്ട് ഒരു ശിശുവിനെ എടുത്ത് അരികെ നിറുത്തി: ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്ന് അവരോടു പറഞ്ഞു. 

യോഹന്നാൻ അവനോട്: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു. അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചു പറവാൻ കഴിയുന്നവൻ ആരും ഇല്ല. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്ക് അനുകൂലമല്ലോ. നിങ്ങൾ ക്രിസ്തുവിനുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവനു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു. അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുവിൽ നിറുത്തി: നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കിൽ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. 

അദ്ധ്യായം  34 

അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടർച്ചകൾ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം. എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരെങ്കിലും ഇടർച്ചവരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നന്ന്. ഇടർച്ച ഹേതുവായി ലോകത്തിന് അയ്യോ കഷ്ടം; ഇടർച്ച വരുന്നത് ആവശ്യം തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. അവിടെ അവരുടെ പുഴു ചാകുന്നില്ല;  തീ കെടുന്നതുമില്ല. എല്ലാവനും തീകൊണ്ട് ഉപ്പിടും. ഉപ്പു നല്ലതു തന്നെ;  ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിനു രസം വരുത്തും? നിങ്ങളിൽ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ. 

ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് നൂറ് ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിക്ക. ദിവസത്തിൽ ഏഴു വട്ടം നിന്നോടു പിഴയ്ക്കയും ഏഴു വട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിക്ക. 

നിന്റെ സഹോദരൻ നിന്നോടു പിഴച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ. നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഭൂമിയിൽവച്ചു നിങ്ങളിൽ രണ്ടു പേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗസ്ഥനായ എന്റെ പിതാവിങ്കൽനിന്ന് അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു. അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്ന്: കർത്താവേ, സഹോദരൻ എത്ര വട്ടം എന്നോട് പിഴച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴു വട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോട്: ഏഴു വട്ടമല്ല, ഏഴ് എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 

സ്വർഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്ത് കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു. അതുകൊണ്ട് ആ ദാസൻ വീണ് അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു. ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു. അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്ന് അവനോട് അപേക്ഷിച്ചു. എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടംവീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു. യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ. എനിക്കു നിന്നോടു കരുണ തോന്നിയതു പോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു. അങ്ങനെ യജമാനൻ കോപിച്ച്, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയിൽ ഏല്പിച്ചു. നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാഞ്ഞാൽ സ്വർഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും. 

അദ്ധ്യായം  35 

അവന്റെ ആരോഹണത്തിനുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമി ലേക്കു യാത്രയാവാൻ മനസ്സ് ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. അവർ പോയി അവനായി വട്ടംകൂട്ടേണ്ടതിനു ശമര്യരുടെ ഒരു ഗ്രാമത്തിൽ ചെന്നു. എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല. അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തു നിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. അവൻ തിരിഞ്ഞ് അവരെ ശാസിച്ചു: [നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല; മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നത് എന്നു പറഞ്ഞു] അവർ വേറൊരു ഗ്രാമത്തിലേക്കു പോയി. 

അനന്തരം കർത്താവ് വേറേ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോട് പറഞ്ഞത്: കൊയ്ത്തു വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോട് തന്റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കേണ്ടതിന് അപേക്ഷിപ്പിൻ. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയിൽവച്ച് ആരെയും വന്ദനം ചെയ്കയുമരുത്; ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിനു സമാധാനം എന്ന് ആദ്യം പറവിൻ. അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. അവർ തരുന്നതു തിന്നും കുടിച്ചും കൊണ്ട് ആ വീട്ടിൽ തന്നെ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽ നിന്നു വീട്ടിലേക്കു മാറിപ്പോകരുത്. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്ന് അവരോടു പറവിൻ. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി: നിങ്ങളുടെ പട്ടണത്തിൽ നിന്നു ഞങ്ങളുടെ കാലിനു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചു പോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ എന്നു പറവിൻ. ആ പട്ടണത്തെക്കാൾ സൊദോമ്യർക്ക് ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. 

പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചു തുടങ്ങി: കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധി ദിവസത്തിൽ നിങ്ങളെക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നീയോ കഫർന്നഹൂമേ, സ്വർഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളം വരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നില്ക്കുമായിരുന്നു. എന്നാൽ ന്യായവിധി ദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിനു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 

ആ എഴുപതു പേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേർ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ. ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതു കൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ. എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ഇന്നവനെന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു. അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്ന് ചോദിച്ചതിന് അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടും പൂർണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്ന് ഉത്തരം പറഞ്ഞു. അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു. അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോട്: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന് യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കൈയിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ച് അർധപ്രാണനായി വിട്ടേച്ചുപോയി. ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്ന് അവനെ കണ്ടിട്ടു മാറി കടന്നുപോയി. അങ്ങനെതന്നെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞ് അരികെ ചെന്ന് എണ്ണയും വീഞ്ഞും പകർന്ന് അവന്റെ മുറിവുകളെ കെട്ടി; അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു. പിറ്റന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്ത് വഴിയമ്പലക്കാരനു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം എന്ന് അവനോടു പറഞ്ഞു. കള്ളന്മാരുടെ കൈയിൽ അകപ്പെട്ടവന് ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു? അവനോടു കരുണ കാണിച്ചവൻ എന്ന് അവൻ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നെ ചെയ്ക എന്നു പറഞ്ഞു. 

അദ്ധ്യായം  36 

പിന്നെ അവർ യാത്ര പോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ട് അടുക്കെ വന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കയുമില്ല. 

അവൻ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പ്രാർഥിക്കുമ്പോൾ ചൊല്ലേണ്ടത്: [സ്വർഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;] ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ; [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ]. 

പുരുഷാരത്തിൽ ഒരുത്തൻ അവനോട്: ഗുരോ, ഞാനുമായി അവകാശം പകുതി ചെയ്‍വാൻ എന്റെ സഹോദരനോട് കല്പിച്ചാലും എന്നു പറഞ്ഞു. അവനോട് അവൻ: മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ എന്നു ചോദിച്ചു. പിന്നെ അവരോട്: സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത് എന്നു പറഞ്ഞു. ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടൂ? എന്റെ വിളവ് കൂട്ടിവയ്പാൻ സ്ഥലം പോരാ എന്ന് ഉള്ളിൽ വിചാരിച്ചു. പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിത് എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും. എന്നിട്ട് എന്നോടുതന്നെ: നിനക്ക് ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചത് ആർക്കാകും എന്നു പറഞ്ഞു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നെ നിക്ഷേപി ക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു. 

നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിനു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നു കൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും എന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരും നേരം ഉണർന്നിരി ക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്ന് അവർക്ക് ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഇന്ന നാഴികയ്ക്കു വരുന്നു എന്നു വീട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതു കൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ. 

കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന് കർത്താവ് പറഞ്ഞത്: തക്കസമയത്ത് ആഹാരവീതം കൊടുക്കേണ്ടതിന് യജമാനൻ തന്റെ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കി വയ്ക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളൂ എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ, അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്ന് അവനെ ദണ്ഡിപ്പിക്കയും അവന് അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടി കൊള്ളും. അറിയാതെകണ്ട് അടിക്കു യോഗ്യമായത് ചെയ്തവനോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റു വാങ്ങിയവനോട് അധികം ചോദിക്കും. 

ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്ത് ഇച്ഛിക്കേണ്ടൂ? എങ്കിലും എനിക്ക് ഒരു സ്നാനം ഏല്പാൻ ഉണ്ട്; അത് കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു. ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോട് ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും. അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. 

ആ സമയത്തു തന്നെ അവിടെ ഉണ്ടായിരുന്ന ചിലർ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോട് അറിയിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: ആ ഗലീലക്കാർ ഇത് അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടു പേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.അവൻ ഈ ഉപമയും പറഞ്ഞു: ഒരുത്തനു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നൊരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞു വന്നു, കണ്ടില്ലതാനും. അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക, അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന് എന്നു പറഞ്ഞു. അതിന് അവൻ: കർത്താവേ, ഞാൻ അതിനു ചുറ്റും കിളച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്ക്കട്ടെ. മേലാൽ കായ്ച്ചെങ്കിലോ- ഇല്ലെങ്കിൽ വെട്ടിക്കളയാം എന്ന് ഉത്തരം പറഞ്ഞു. 

അദ്ധ്യായം  37 

ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു. അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേൽ കൈവച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോട്: വേല ചെയ്‍വാൻ ആറു ദിവസമുണ്ടല്ലോ; അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുത് എന്നു പറഞ്ഞു. കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്ന് അഴിച്ചു കൊണ്ടു പോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു; അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരമൊക്കെയും സന്തോഷിച്ചു. 

അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് യെരൂശലേമിലേക്കു യാത്രചെയ്തു. അപ്പോൾ ഒരുത്തൻ അവനോട്: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന് അവനോടു പറഞ്ഞത്: ഇടുക്കുവാതിലിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റു കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിനു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്ന് എന്ന് ഞാൻ അറിയുന്നില്ല, എന്ന് അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറഞ്ഞു തുടങ്ങും. അവനോ: നിങ്ങൾ എവിടെ നിന്ന് എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവർത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടു പോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും, നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും തെക്കു നിന്നും വടക്കു നിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിൽ ഇരിക്കും. മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരുണ്ട്, പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്. 

ആ നാഴികയിൽ തന്നെ ചില പരീശന്മാർ അടുത്തുവന്ന്: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്ന് അവനോടു പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കയും ചെയ്യും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകുന്നത് അസംഭവ്യമല്ലോ എന്നു പറവിൻ. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര വട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 

പരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മഹോദരമുള്ളൊരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു. യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. അവൻ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു. പിന്നെ അവരോട്: നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന് പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല. 

ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ട് അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരുത്തൻ നിന്നെ കല്യാണത്തിനു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുത്; പക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്ന്: ഇവന് ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും. നിന്നെ വിളിച്ചാൽ ചെന്ന് ഒടുക്കത്തെ സ്ഥലത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്ന് ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും. 

കൂടെ പന്തിയിലിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്ന് അവനോട് പറഞ്ഞു; അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു. അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു. എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. മറ്റൊരുത്തൻ: ഞാൻ അഞ്ചേർ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു. ദാസൻ മടങ്ങിവന്നു യജമാനനോട് അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു. യജമാനൻ ദാസനോട്: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടു നിറയേണ്ടതിനു കണ്ടവരെ അകത്തു വരുവാൻ നിർബന്ധിക്ക. ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 

അദ്ധ്യായം  38 

ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞ് അവരോട് പറഞ്ഞത്: എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകയ്ക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. തന്റെ ക്രൂശ് എടുത്തു കൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്ന് അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം: ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്ന്, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്ന് ആലോചിക്കുന്നില്ലയോ? പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നെ സ്ഥാനാപതികളെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു. അങ്ങനെ തന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവനു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. ഉപ്പ് നല്ലതു തന്നെ; ഉപ്പ് കാരമില്ലാതെപോയാൽ എന്തൊന്നുകൊണ്ട് അതിനു രസം വരുത്തും? പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തുകളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. 

ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു. ഇവൻ പാപികളെ കൈക്കൊണ്ട് അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു. അവരോട് അവൻ ഈ ഉപമ പറഞ്ഞു: നിങ്ങളിൽ ഒരു ആൾക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെ പോയതിനെ കണ്ടെത്തും വരെ നോക്കി നടക്കാതിരിക്കുമോ?  കണ്ടുകിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതു കൊണ്ട് എന്നോടു കൂടെ സന്തോഷിപ്പിൻ എന്ന് അവരോടു പറയും. അങ്ങനെ തന്നെ മാനസാന്തരം കൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെ ക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ട് എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി അതു കണ്ടു കിട്ടും വരെ സൂക്ഷ്മത്തോടെ അന്വേഷിക്കാ തിരിക്കുമോ? കണ്ടു കിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെ പോയ ദ്രഹ്മ കണ്ടു കിട്ടിയതു കൊണ്ട് എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 

പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയും മുമ്പേ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി. അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരുത്തനെ ചെന്ന് ആശ്രയിച്ചു; അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു, എങ്കിലും ആരും അവന് കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോട്: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്ന് ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിപ്പിൻ. തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറപ്പിൻ; നാം തിന്ന് ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി. 

അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോട് അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു, ബാല്യക്കാരിൽ ഒരുത്തനെ വിളിച്ച്: ഇതെന്ത് എന്നു ചോദിച്ചു. അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൗഖ്യത്തോടെ കിട്ടിയതു കൊണ്ട് തടിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. അപ്പോൾ അവൻ കോപിച്ച്, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്ന് അവനോട് അപേക്ഷിച്ചു. അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിനു നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. വേശ്യമാരോടുകൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ, തടിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്ന് ഉത്തരം പറഞ്ഞു. അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിൻറേത് ആകുന്നു. നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു. 

അദ്ധ്യായം  39 

പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞത്: ധനവാനായൊരു മനുഷ്യന് ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു. അവൻ അവനെ വിളിച്ച്: നിന്നെക്കൊണ്ട് ഈ കേൾക്കുന്നത് എന്ത്? നിന്റെ കാര്യവിചാരത്തിന്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു. എന്നാറെ കാര്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടൂ? യജമാനൻ കാര്യവിചാരത്തിൽ നിന്ന് എന്നെ നീക്കുവാൻ പോകുന്നു; കിളപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു. എന്നെ കാര്യവിചാരത്തിൽ നിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടത് എന്ത് എന്ന് എനിക്ക് അറിയാം എന്ന് ഉള്ളുകൊണ്ടു പറഞ്ഞു. പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോട്: നീ യജമാനന് എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു കുടം എണ്ണ എന്ന് അവൻ പറഞ്ഞു. അവൻ അവനോട്: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്ന് അമ്പത് എന്ന് എഴുതുക എന്നു പറഞ്ഞു. അതിന്റെ ശേഷം മറ്റൊരുത്തനോട്: നീ എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പ് എന്ന് അവൻ പറഞ്ഞു; അവനോട്: നിന്റെ കൈച്ചീട്ടു വാങ്ങി എൺപത് എന്ന് എഴുതുക എന്നു പറഞ്ഞു. ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. അനീതിയുള്ള മാമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അത് ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും. അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ. നിങ്ങൾ അനീതിയുള്ള മാമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായത് നിങ്ങളെ ആർ ഭരമേല്പിക്കും? അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായത് ആർ തരും? രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും കഴികയില്ല; അവൻ ഒരുവനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോട് പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാൻ കഴികയില്ല. 

ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ട് അവനെ പരിഹസിച്ചു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ നിങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിന്റെ മുമ്പാകെ അറപ്പത്രേ. ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻവരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം. ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. 

ധനവാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളൊരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരയ്ക്കൽ കിടന്നു ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്ന് അവന്റെ വ്രണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്ന് അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചുപറഞ്ഞു. അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവേ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നുവരുവാനും പാടില്ല എന്നു പറഞ്ഞു. അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയയ്ക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോട്: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന് അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽ നിന്ന് ഒരുത്തൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്ന് ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു. 

അപ്പൊസ്തലന്മാർ കർത്താവിനോട്: ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു. അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും. നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്ന് ഊണിനിരിക്ക എന്ന് അവനോടു പറയുമോ? അല്ല: എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അര കെട്ടി എനിക്കു ശുശ്രൂഷ ചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊൾക എന്നു പറകയില്ലയോ? തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ട് അവന് നന്ദി പറയുമോ?  അവ്വണ്ണം നിങ്ങളോടു കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു നിങ്ങളും പറവിൻ. 

അദ്ധ്യായം  40 

അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽക്കൂടി കടക്കുമ്പോൾ ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന് എതിർപെട്ട് അകലെ നിന്നുകൊണ്ട്: യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു. അവൻ അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽ തന്നെ അവർ ശുദ്ധരായിത്തീർന്നു. അവരിൽ ഒരുത്തൻ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന് അവന്റെ കാല്ക്കൽ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു. പത്തു പേർ ശുദ്ധരായിത്തീർന്നില്ലയോ? ഒമ്പതു പേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിനു മഹത്ത്വം കൊടുപ്പാൻ മടങ്ങി വന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ട് അവനോട്: എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. 

ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്ക വണ്ണമല്ല വരുന്നത്;   ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടല്ലോ എന്ന് അവൻ ഉത്തരം പറഞ്ഞു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാൺമാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും. അന്നു നിങ്ങളോട്: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻചെല്ലുകയുമരുത്. മിന്നൽ ആകാശത്തിൻകീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതു പോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും. എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. ജലപ്രളയത്തിനു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന് എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല;  മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നെ ആകും. 

ലോത്തിന്റെ കാലത്തു സംഭവിച്ചതു പോലെയും തന്നെ; അവർ തിന്നും കുടിച്ചും കൊണ്ടും വിറ്റും നട്ടും പണിതും പോന്നു. എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തു നിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും മുടിച്ചുകളഞ്ഞു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നെ ആകും. അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുത്; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുത്. ലോത്തിന്റെ ഭാര്യയെ ഓർത്തു കൊൾവിൻ. തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. ആ രാത്രിയിൽ രണ്ടു പേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. രണ്ടു പേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും [രണ്ടു പേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ കർത്താവ് ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ. അവർ അവനോട്: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്: ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്ന് അവൻ പറഞ്ഞു.

മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണം എന്നുള്ളതിന് അവൻ അവരോട് ഒരുപമ പറഞ്ഞത്: ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. അവനു കുറെ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്ന് എന്നെ മുഖത്തടിക്കും എന്ന് ഉള്ളുകൊണ്ടു പറഞ്ഞു. അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?  വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു. 

തങ്ങൾ നീതിമാന്മാർ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ: രണ്ടു മനുഷ്യർ പ്രാർഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. പരീശൻ നിന്നു കൊണ്ട് തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാർഥിച്ചു. ചുങ്കക്കാരനോ ദൂരത്തു നിന്നു കൊണ്ടു സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 

അദ്ധ്യായം  41 

ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ടു യേശു ഗലീല വിട്ടു, യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവച്ച് അവരെ സൗഖ്യമാക്കി. പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു. അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷനു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചു കൊണ്ട് അവനോടു ചോദിച്ചു. അവൻ അവരോട്: മോശെ നിങ്ങൾക്ക് എന്തു കല്പന തന്നു എന്നു ചോദിച്ചു. ഉപേക്ഷണപത്രം എഴുതിക്കൊടുത്ത് അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്ന് അവർ പറഞ്ഞു. യേശു അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്. അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും എന്ന് അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?  അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.  

വീട്ടിൽവച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോട്: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.ശിഷ്യന്മാർ അവനോട്: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൻ അവരോട്: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽ നിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു. 

അവൻ കൈ വച്ചു പ്രാർഥിക്കേണ്ടതിനു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു;  ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അതു കണ്ടാറെ മുഷിഞ്ഞ് അവരോട്: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ. ദൈവരാജ്യത്തെ ശിശു എന്ന പോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരെ അണച്ച് അവരുടെമേൽ കൈവച്ചു, അവരെ അനുഗ്രഹിച്ചു. 

അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്ന് അവനോടു ചോദിച്ചു. അതിനു യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നത് എന്ത്? ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്ന് അവനോടു പറഞ്ഞു. ഏവ എന്ന് അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്; അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു.. യൗവനക്കാരൻ അവനോട്: ഇവയൊക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു പറഞ്ഞു   യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 

അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു. യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം എന്നു പറഞ്ഞു. അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്ന് ഉത്തരം പറഞ്ഞു. അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. യേശു അവരെ നോക്കി; മനുഷ്യർക്ക് അസാധ്യം തന്നെ, ദൈവത്തിന് അല്ലതാനും. ദൈവത്തിനു സകലവും സാധ്യമല്ലോ എന്നു പറഞ്ഞു. 

പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്ക് എന്തു കിട്ടും എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.  ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ട് ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ, നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്ന് ഉത്തരം പറഞ്ഞു. 

സ്വർഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലർച്ചയ്ക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം. വേലക്കാരോട് അവൻ ദിവസത്തേക്ക് ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു. മൂന്നാം മണി നേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു: നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്ന് അവരോടു പറഞ്ഞു; അവർ പോയി. അവൻ ആറാം മണി നേരത്തും ഒമ്പതാം മണിനേരത്തും ചെന്ന് അങ്ങനെ തന്നെ ചെയ്തു. പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു: നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നത് എന്ത് എന്നു ചോദിച്ചു. ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്ന് അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്ന് അവരോടു പറഞ്ഞു. സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോട്: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു. അങ്ങനെ പതിനൊന്നാം മണി നേരത്തു വന്നവർ ചെന്ന് ഓരോ വെള്ളിക്കാശു വാങ്ങി. മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി. അതു വാങ്ങീട്ട് അവർ വീട്ടുടയവന്റെ നേരേ പിറുപിറുത്തു: ഈ പിമ്പന്മാർ ഒരുമണി നേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു. അവരിൽ ഒരുത്തനോട് അവൻ ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു പണം പറഞ്ഞൊത്തില്ലയോ? നിൻറേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പനും കൊടുപ്പാൻ എനിക്കു മനസ്സ്. എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണ് കടിക്കുന്നുവോ?   ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും. 

അദ്ധ്യായം  42 

അവർ യെരൂശലേമിലേക്കു യാത്ര ചെയ്കയായിരുന്നു;  യേശു അവർക്കു മുമ്പായി നടന്നു;  അവർ വിസ്മയിച്ചു;  അനുഗമിക്കുന്നവരോ ഭയപ്പെട്ടു. പന്ത്രണ്ട് ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽ വച്ച് അവരോടു പറഞ്ഞത്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും. അവിടെ മനുഷ്യപുത്രൻ മഹാ പുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും. അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാ നുള്ളതു പറഞ്ഞു തുടങ്ങി. അവരോ ഇത് ഒന്നും ഗ്രഹിച്ചില്ല; ഈ വാക്ക് അവർക്കു മറവായിരുന്നു; പറഞ്ഞത് അവർ തിരിച്ചറിഞ്ഞതുമില്ല. 

സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്ന് അവനോട്: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു. നിന്റെ മഹത്ത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ വരം നല്കേണം എന്ന് അവർ പറഞ്ഞു. യേശു അവരോട്: നിങ്ങൾ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന് കഴിയും എന്ന് അവർ പറഞ്ഞു. യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം. എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എൻറേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. അതു ശേഷം പത്തു പേരും കേട്ടിട്ട് യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടു തുടങ്ങി. യേശു അവരെ അടുക്കെ വിളിച്ച് അവരോട്: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതു പോലെ തന്നെ എന്നു പറഞ്ഞു 

അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു. പുരുഷാരം കടന്നുപോകുന്നതു കേട്ടു: ഇതെന്ത് എന്ന് അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവർ അവനോട് അറിയിച്ചു. നസറായനായ യേശു എന്നു കേട്ടിട്ട് അവൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി. മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്ന് അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു. അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്ന് അവർ പറഞ്ഞു കുരുടനെ വിളിച്ചു. അവൻ തന്റെ പുതപ്പ് ഇട്ടുംകളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു. യേശു അവനോട്: ഞാൻ നിനക്ക് എന്തു ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു.  യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്ത്വീകരിച്ചും കൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിനു പുകഴ്ച കൊടുത്തു. 

അവൻ യെരീഹോവിൽ എത്തി കടന്നുപോകുമ്പോൾ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷൻ,  യേശു എങ്ങനെയുള്ളവൻ എന്നു കാൺമാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല. എന്നാറെ അവൻ മുമ്പോട്ട് ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു. അവൻ ആ സ്ഥലത്ത് എത്തിയപ്പോൾ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്ന് അവനോടു പറഞ്ഞു. അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. കണ്ടവർ എല്ലാം: അവൻ പാപിയായൊരു മനുഷ്യനോടു കൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു. സക്കായിയോ നിന്ന് കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാലു മടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു. യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീട്ടിനു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു. 

അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിനു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്ന് അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയും കൂടെ പറഞ്ഞത് എന്തെന്നാൽ: കുലീനനായൊരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവച്ചു ദൂരദേശത്തേക്കു യാത്ര പോയി. അവൻ പത്തു ദാസന്മാരെ വിളിച്ച് അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു: ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്ന് അവരോടു പറഞ്ഞു. അവന്റെ പൗരന്മാരോ അവനെ പകച്ച് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. അവൻ രാജത്വം പ്രാപിച്ചു മടങ്ങിവന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്ത് എന്തു നേടി എന്ന് അറിയേണ്ടതിന് അവരെ വിളിപ്പാൻ കല്പിച്ചു. ഒന്നാമത്തവൻ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവനോട്: നന്ന് നല്ല ദാസനേ; നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന് അധികാരമുളളവൻ ആയിരിക്ക എന്നു കല്പിച്ചു. രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. നീയും അഞ്ചു പട്ടണത്തിനു മേൽവിചാരകൻ ആയിരിക്ക എന്ന് അവൻ അവനോടു കല്പിച്ചു. മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ, നിന്റെ റാത്തൽ; ഞാൻ അത് ഒരു ഉറുമാലിൽ കെട്ടി വച്ചിരുന്നു. 

നീ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. അവൻ അവനോട്: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നുതന്നെ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തത് കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. ഞാൻ വന്ന് എന്റെ ദ്രവ്യം പലിശയോടു കൂടെ വാങ്ങിക്കൊള്ളേണ്ടതിന് അത് നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞത് എന്ത്?  പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്ന് എടുത്തു പത്തു റാത്തലുള്ളവന് കൊടുപ്പിൻ എന്നു പറഞ്ഞു. കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്ന് അവർ പറഞ്ഞു. ഉള്ളവന് ഏവനും കൊടുക്കും ഇല്ലാത്തവനോട് ഉള്ളതും കൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന്, എന്റെ മുമ്പിൽവച്ചു കൊന്നുകളവിൻ എന്ന് അവൻ കല്പിച്ചു. ഇതു പറഞ്ഞിട്ട് അവൻ മുമ്പായി നടന്നുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു. 

അദ്ധ്യായം  43 

മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായി കിടന്നു. ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടി കൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായിക്കിടന്നത്. ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായി ക്കിടക്കുന്നു എന്നു പറയിച്ചു. യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്ത്വത്തിനായിട്ടത്രേ എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. എന്നിട്ടും അവൻ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാർത്തു. അതിന്റെ ശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. അതിന് യേശു: പകലിനു പന്ത്രണ്ടുമണി നേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതു കൊണ്ട് ഇടറുന്നില്ല. രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലായ്കകൊണ്ട് ഇടറുന്നു എന്ന് ഉത്തരം പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്ന് അവരോടു പറഞ്ഞു. ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൗഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവർക്കു തോന്നിപ്പോയി. അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്നു പറഞ്ഞു. 

യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വച്ചിട്ടു നാലു ദിവസമായി എന്ന് അറിഞ്ഞു. ബേഥാന്യ യെരൂശലേമിനരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിനു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു. യേശു വരുന്നു എന്ന് കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു. മാർത്ത യേശുവിനോട്: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്ന് ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോട്: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോട്: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോട്: ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോട്: ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നെ എന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു പോയി, തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ വന്നു. 

യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നെ ആയിരുന്നു. വീട്ടിൽ അവളോടു കൂടെ ഇരുന്ന് അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരവാൻ പോകുന്നു എന്ന് വിചാരിച്ചു പിൻചെന്നു. യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ട് അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടു കൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട്, ഉള്ളം നൊന്തു കലങ്ങി: അവനെ വച്ചത് എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്ന് അവർ അവനോട് പറഞ്ഞു. യേശു കണ്ണുനീർ വാർത്തു. ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോട് എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു. ചിലരോ: കുരുടന്റെ കണ്ണുതുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. യേശു പിന്നെയും ഉള്ളംനൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വച്ചിരുന്നു. കല്ലു നീക്കുവിൻ എന്ന് യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വച്ചുതുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു. യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണും എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ: ലാസറേ, പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും, മുഖം റൂമാൽ കൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിപ്പിൻ; അവൻ പോകട്ടെ” എന്ന് യേശു അവരോടു പറഞ്ഞു.  മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. 

എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തത് അവരോട് അറിയിച്ചു.  മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടൂ? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നെ, അവരോട്: നിങ്ങൾ ഒന്നും അറിയുന്നില്ല. ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന് എന്ന് ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ, ജനത്തിനു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. ജനത്തിനു വേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിനും തന്നെ. അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹയ്ക്കു മുമ്പേ നാട്ടിൽ നിന്നു യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ട്: എന്തു തോന്നുന്നു? അവൻ പെരുന്നാൾക്കു വരികയില്ലയോ എന്ന് തമ്മിൽ പറഞ്ഞു. എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവച്ച് അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു. 

അദ്ധ്യായം  44 

യേശു മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്ക് യേശു പെസഹയ്ക്ക് ആറു ദിവസം മുമ്പേ വന്നു. അവിടെ അവർ അവന് ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസറോ അവനോടു കൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു. എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവ്; ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു. ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതു കൊണ്ടും അത്രേ പറഞ്ഞത്. യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാര ദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു. അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല അവൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച ലാസറെ കാൺമാനായിട്ടും കൂടെ വന്നു. അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്ന് യേശുവിൽ വിശ്വസിക്കയാൽ ലാസറെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു. 

അവർ യെരൂശലേമിനോടു സമീപിച്ച് ഒലിവ്മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ച് അവരോട്: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. ഇതു ചെയ്യുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും എന്നു പറഞ്ഞു. അവർ പോയി, തെരുവിൽ പുറത്തു വാതില്ക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ട് അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോട്: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു കല്പിച്ചതു പോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. അവൻ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി  മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദുപുത്രനു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്ന് ആർത്തുകൊണ്ടിരുന്നു. 

പെരുന്നാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട് ഈത്തപ്പനയുടെ കുരുത്തോല എടുത്തും കൊണ്ട് അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്തു. സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്ന് എഴുതിയിരിക്കുന്നതു പോലെതന്നെ. ഇത് അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവനെ ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ വന്നു. പുരുഷാരത്തിൽ ചില പരീശന്മാരോ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു. ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു. 

അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു. ഇവൻ ഗലീലയിലെ നസറെത്തിൽ നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതു കൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. 

പിറ്റന്നാൾ അവർ ബേഥാന്യ വിട്ടുപോരുമ്പോൾ അവനു വിശന്നു; അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തു നിന്നു കണ്ടു; അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു; അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവൻ അതിനോട്: ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു;  അതു ശിഷ്യന്മാർ കേട്ടു. ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞ് ആശ്ചര്യപ്പെട്ടു. 

അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു; ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻ വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു; ആരും ദൈവാലയത്തിൽക്കൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ?  നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. അതു കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അദ്ഭുതങ്ങളെയും ദാവീദുപുത്രനു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു: ഇവർ പറയുന്നതു കേൾക്കുന്നുവോ എന്ന് അവനോടു ചോദിച്ചു. യേശു അവരോട്: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽനിന്നു പുറപ്പെട്ടു ബേഥാന്യയിൽ ചെന്ന് അവിടെ രാത്രി പാർത്തു. 

അദ്ധ്യായം  45 

രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു. അപ്പോൾ പത്രൊസിന് ഓർമവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്ന് അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.  നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ പ്രാർഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. 

അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാ പുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടൂ എന്ന് അവർ അറിഞ്ഞില്ല.  ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോട് ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്: നീ എന്ത് അധികാരം കൊണ്ട് ഇത് ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നത് ആർ എന്നും അവനോട് ചോദിച്ചു. യേശു അവരോട്: ഞാൻ നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരം കൊണ്ട് ഇത് ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം സ്വർഗത്തിൽ നിന്നോ മനുഷ്യരിൽ നിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ എന്നു പറഞ്ഞു. അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽ നിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ പറയും. മനുഷ്യരിൽ നിന്ന് എന്നു പറഞ്ഞാലോ, ജനമൊക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്ന് ഉറച്ചിരിക്കകൊണ്ട് നമ്മെ കല്ലെറിയും  നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നത് എന്നു പറഞ്ഞു.  അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ഞാനും ഇത് ഇന്ന അധികാരം കൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു. 

പെരുന്നാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു. ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്ന് അവനോട്: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാൺമാൻ താൽപര്യമുണ്ട് എന്ന് അപേക്ഷിച്ചു. ഫിലിപ്പൊസ് ചെന്ന് അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോട് പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹ ലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും. 

ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയിൽ നിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. പിതാവേ, നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗത്തിൽ നിന്നു; ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി. അതു കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു എന്നു പറഞ്ഞു. അതിന് യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല; നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്. ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. ഞാനോ ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്ന് ഉത്തരം പറഞ്ഞു.  ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ. 

പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു. അതിനു യേശു അവരോട്: ഇനി കുറെക്കാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ലല്ലോ. നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്; വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.  ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?”എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറേ ഒരേടത്തു പറയുന്നത്: അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയം കൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” യെശയ്യാവ് അവന്റെ തേജസ്സു കണ്ട് അവനെ ക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞത്. എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. 

യേശു വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നെ വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല;  എന്നെ അയച്ച പിതാവു തന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്റെ കല്പന നിത്യജീവൻ എന്ന് ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ സംസാരിക്കുന്നു. 

അദ്ധ്യായം  46 

പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞു തുടങ്ങിയത്: എങ്കിലും നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്കു മനസ്സില്ല എന്ന് അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്ന് അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. ഈ രണ്ടു പേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തത്? ഒന്നാമത്തവൻ എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗം ഉപദേശിച്ചു കൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. 

മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിനു വേലി കെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ടു പരദേശത്തു പോയി. കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു. അവർ അവനെ പിടിച്ചു തല്ലി വെറുതേ അയച്ചുകളഞ്ഞു. മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു. അവൻ മൂന്നാമത് ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്ന് അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ചു തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു.                            

ആകയാൽ  മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോട് എന്തു ചെയ്യും?  അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറേ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് അവർ അവനോടു പറഞ്ഞു. യേശു അവരോട്: വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതു കൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു കേട്ടിട്ട് അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്ന് എഴുതിയിരിക്കുന്നത് എന്ത്?  ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും;  അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ട്, തങ്ങളെക്കൊണ്ടു പറയുന്നു എന്ന് അറിഞ്ഞ്, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവരെ ഭയപ്പെട്ടു. 

യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗരാജ്യം തന്റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിനു ക്ഷണിച്ചവരെ വിളിക്കേണ്ടതിനു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിച്ച മൃഗങ്ങളെയും അറുത്ത്, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിനു വരുവിൻ എന്നു ക്ഷണിച്ചവരോടു പറയിച്ചു. അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കൊലപാതകന്മാരെ മുടിച്ച് അവരുടെ പട്ടണം ചുട്ടുകളഞ്ഞു. പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ വഴിത്തലയ്ക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിൻ എന്നു പറഞ്ഞു. ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവനു വാക്കു മുട്ടിപ്പോയി. രാജാവ് ശുശ്രൂഷക്കാരോട്: ഇവനെ കൈയും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. 

അനന്തരം പരീശന്മാർ ചെന്ന് അവനെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു. നിനക്ക് എന്തു തോന്നുന്നു? കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞു തരേണം എന്നു പറയിച്ചു. യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്?  കരത്തിനുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു. അവൻ അവരോട്: ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിനു കൈസരുടേത് എന്ന് അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോടു പറഞ്ഞു. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു. 

അദ്ധ്യായം  47 

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്: ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു;  അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. അവ്വണ്ണം ഏഴു പേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവനു ഭാര്യയാകും?  എഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ. യേശു അവരോടു പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്? ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിനു കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിപ്പാനും കഴികയില്ല. അവർ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു. എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ, മുൾപ്പടർപ്പുഭാഗത്തു ദൈവം അവനോട്: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്ന് അരുളിച്ചെയ്ത പ്രകാരം വായിച്ചിട്ടില്ലയോ? അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു. അതിനു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞത് ശരി എന്ന് ഉത്തരം പറഞ്ഞു.  പുരുഷാരം ഇതു കേട്ടിട്ട് അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. 

സദൂക്യരെ അവൻ മിണ്ടാതാക്കിയ പ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചുകൂടി, ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നതു കേട്ട് അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്: എല്ലാറ്റിലും മുഖ്യകല്പന ഏത് എന്ന് അവനോടു ചോദിച്ചു. അതിന് യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: 'യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം'  എന്ന് ആകുന്നു. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം: രണ്ടാമത്തേതോ: 'കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം' എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. ശാസ്ത്രി അവനോട്: നന്ന്,  ഗുരോ,  നീ പറഞ്ഞതു സത്യംതന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണഹൃദയ ത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നെ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്ന് യേശു കണ്ടിട്ട്: നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല. 

 പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്: ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു. കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തു ഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു” എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നെ പറയുന്നുവല്ലോ. ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു. അവനോട് ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല;  അന്നു മുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല. എന്നാൽ വലിയ പുരുഷാരം അവന്റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു. 

അവൻ സംസാരിക്കുമ്പോൾ തന്നെ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്ന് ഭക്ഷണത്തിനിരുന്നു;  മുത്താഴത്തിനു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു. കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു;  നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്?  അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ;  എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം,  കരുണ,  വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ,  നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ കാൺമാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല. 

ന്യായശാസ്ത്രിമാരിൽ  ഒരുത്തൻ  അവനോട്:  ഗുരോ,  ഇങ്ങനെ  പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു. എന്നാൽ ജനമൊക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോട്: നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചു കൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർഥിക്കയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും. 

അദ്ധ്യായം  48 

അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞത്: ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോടു പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നത്; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗസ്ഥൻ തന്നെ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. 

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുപ്പമേറിയ ശിക്ഷാവിധി വരും;] കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരക യോഗ്യൻ ആക്കുന്നു.ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. മൂഢന്മാരും കുരുടന്മാരുമായുള്ളോരേ, ഏതു വലിയത്? സ്വർണമോ സ്വർണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു. കുരുടന്മാരായുള്ളോരേ, ഏതു വലിയത്? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?  ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. സ്വർഗത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. 

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിനു മുമ്പേ അവയുടെ അകം വെടിപ്പാക്കുക. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമേ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമേയോ കപടഭക്തിയും അധർമവും നിറഞ്ഞവരത്രേ. 

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചും കൊണ്ടു: ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നെ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ അളവ് നിങ്ങൾ പൂരിച്ചുകൊൾവിൻ. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?   അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ട് അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും. 

നീതിമാനായ ഹാബെലിന്റെ രക്തം  മുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽ വച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 

അദ്ധ്യായം  49 

പിന്നെ യേശു ശ്രീഭണ്ഡാരത്തിനു നേരേ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു. ദരിദ്രയായ ഒരു വിധവ വന്ന് ഒരു പൈസയ്ക്കു ശരിയായ രണ്ടു കാശ് ഇട്ടു. അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു. 

യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു. ചിലർ ദൈവാലയത്തെക്കുറിച്ച് അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ: അവൻ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ ഒലിവുമലയിൽ ദൈവാലയത്തിന് നേരേ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു: അത് എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞു തരേണം എന്ന് അപേക്ഷിച്ചു. യേശു അവരോട് പറഞ്ഞുതുടങ്ങിയത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുത്. അതു സംഭവിക്കേണ്ടതു തന്നെ; എന്നാൽ അത് അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കര കാഴ്ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും. എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. 

എന്നാൽ നിങ്ങളെത്തന്നെ സൂക്ഷിച്ചു കൊൾവിൻ; അവർ നിങ്ങളെ ന്യായാധിപ സംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽ വച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും. അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കയും കൊല്ലുകയും ചെയ്യും;  എന്റെ നാമംനിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകയ്ക്കയും ചെയ്യും. കള്ളപ്രവാചകന്മാർ പലരും വന്ന് അനേകരെ തെറ്റിക്കും. അധർമം പെരുകുന്നതു കൊണ്ട് അനേകരുടെ സ്നേഹം തണുത്തു പോകും. എന്നാൽ സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു. രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടൂ എന്നു മുൻകൂട്ടി വിചാരപ്പെടരുത്. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതുതന്നെ പറവിൻ; പറയുന്നതു നിങ്ങൾ അല്ല,  പരിശുദ്ധാത്മാവത്രേ. അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും. നിങ്ങളുടെ എതിരികൾക്ക് ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും;  മക്കളും അമ്മയപ്പന്മാരുടെ നേരേ എഴുന്നേറ്റ് അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും. നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചുപോകയില്ല താനും. നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും. 

സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞു കൊൾവിൻ. എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത, വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ -വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ- അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. വീട്ടിന്മേൽ ഇരിക്കുന്നവൻ അകത്തേക്ക് ഇറങ്ങിപ്പോകയോ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുത്. വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുത്. എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരകാലം ആകുന്നു. ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.   എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർഥിപ്പിൻ. ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും. കർത്താവ് ആ നാളുകളെ ചുരുക്കിയിട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു. 

അദ്ധ്യായം  50 

അന്ന് ആരെങ്കിലും നിങ്ങളോട്: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ. ആകയാൽ നിങ്ങളോട്: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുത്; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. മിന്നൽ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും. ശവം ഉള്ളേടത്തു കഴുക്കൾ കൂടും.എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകി പ്പോകുന്നതിനാൽ ഭൂലോകത്തിന് എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തും കൊണ്ടു മനുഷ്യർ നിർജീവന്മാർ ആകും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിച്ചുംകൊണ്ട്, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. അവൻ തന്റെ ദൂതന്മാരെ മഹാകാഹള ധ്വനിയോടുംകൂടെ അയയ്ക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതി വരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും. ഇതു സംഭവിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തു വരുന്നതു കൊണ്ടു നിവിർന്നു തല പൊക്കുവിൻ. 

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതൊക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതില്ക്കൽതന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിപ്പിൻ. ഒരു മനുഷ്യൻ വീടു വിട്ടു പരദേശത്തു പോകുമ്പോൾ ദാസന്മാർക്ക് അധികാരവും അവനവന് അതതു വേലയും കൊടുത്തിട്ടു വാതിൽക്കാവല്ക്കാരനോട് ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നെ. യജമാനൻ സന്ധ്യക്കോ അർധരാത്രിക്കോ കോഴി കൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്ന് അറിയായ്കകൊണ്ട്, അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണർന്നിരിപ്പിൻ. ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ. നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിപ്പിൻ. അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി പാർക്കും. ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്തു ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും. 

സ്വർഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്ക് എടുത്തും കൊണ്ടു പുറപ്പെട്ട പത്തു കന്യക മാരോടു സദൃശം ആകും. അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്ക് എടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി. അർധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്ന് ആർപ്പുവിളി ഉണ്ടായി. അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു. എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു. ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്ന് ഉത്തരം പറഞ്ഞു. അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു; വാതിൽ അടയ്ക്കയും ചെയ്തു. അതിന്റെ ശേഷം മറ്റേ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു. അതിന് അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ. 

അദ്ധ്യായം:  51 

ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഏല്പിച്ചു. ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറേ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറച്ചുവച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് യജമാനൻ: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിനു യജമാനൻ നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു. 

ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറച്ചുവച്ചു; നിൻറേത് ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു. അതിനു യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തു നിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്റെ ദ്രവ്യം പൊൻ വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്ന് എൻറേതു പലിശയോടു കൂടെ വാങ്ങിക്കൊള്ളുമായിരുന്നു. ആ താലന്ത് അവന്റെ പക്കൽനിന്ന് എടുത്തു പത്തു താലന്ത് ഉള്ളവനു കൊടുപ്പിൻ. അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും;  ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും. എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. 

മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതു പോലെ വേർതിരിച്ച്, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവ് തന്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാൺമാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിനു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?  ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തു കൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്ന് ഉത്തരം പറയും. രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അരുളിച്ചെയ്യും. 

പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരേ എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി യിലേക്കു പോകുവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാൺമാൻ വന്നില്ല എന്ന് അരുളിച്ചെയ്യും. അതിന് അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്ന് ഉത്തരം പറയും. അവൻ അവരോട്: ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് ഉത്തരം അരുളും. ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും. 

അദ്ധ്യായം: 52 

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു. രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. ഈ വചനങ്ങളൊക്കെയും പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോട്: രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു. അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നുകൂടി. യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു; എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുന്നാളിൽ അരുത് എന്നു പറഞ്ഞു. 

യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തും കൊണ്ട് അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അത് അവന്റെ തലയിൽ ഒഴിച്ചു.  അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവ് എന്തിന്?  ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിനു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ട് അവളെ ഭർത്സിച്ചു. എന്നാൽ യേശു: അവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തത്. ദരിദ്രർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മ ചെയ്‍വാൻ നിങ്ങൾക്കു കഴിയും;  ഞാനോ എല്ലായ്പോഴും നിങ്ങളോടു കൂടെ ഇരിക്കയില്ല . അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിനായി എന്റെ ദേഹത്തിനു മുമ്പുകൂട്ടി തൈലം തേച്ചു. ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 

എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദായിൽ സാത്താൻ കടന്നു: അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവനു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു. അവൻ വാക്കു കൊടുത്തു; പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു. 

പെസഹാകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. ഞങ്ങൾ എവിടെ ഒരുക്കേണം എന്ന് അവർ ചോദിച്ചതിന്: നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യൻ നിങ്ങൾക്ക് എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോട്: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും;  അവിടെ ഒരുക്കുവിൻ എന്ന് അവരോടു പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്ന് അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. 

അദ്ധ്യായം:  53 

സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു. പെസഹാ പെരുന്നാളിനു മുമ്പേ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു; പിതാവു സകലവും തന്റെ കൈയിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ അത്താഴത്തിൽനിന്ന് എഴുന്നേറ്റു വസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്ന് പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻപത്രൊസ്: കർത്താവേ, എന്റെ കാൽ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു. യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാൽ അല്ലാതെ കഴുകുവാൻ ആവശ്യമില്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്ക കൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. 

അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ച് വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്കു ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിനു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ മശീഹാ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനു ഞാൻ ഇപ്പോൾ അത് സംഭവിക്കും മുമ്പേ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. 

സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു. അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ;  ഇതു നിങ്ങൾക്കുവേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു. എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ. ഇത് അനേകർക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്ന് ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. എല്ലാവരും അതിൽ നിന്നു കുടിച്ചു. 

അദ്ധ്യായം:  54 

അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്ന് ഓരോരുത്തൻ പറഞ്ഞുതുടങ്ങി. അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചു കൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു പോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളായിരുന്നു. ഇതു ചെയ്‍വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ചുതുടങ്ങി. ശിഷ്യന്മാരിൽ വച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കൊണ്ട് എന്ന് ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു. ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ തന്നെ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായ്ക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു. എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്: നീ തന്നെ എന്ന് അവൻ പറഞ്ഞു. യേശു അവനോട്: നീ ചെയ്യുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഇത് ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. പണസ്സഞ്ചി യൂദായുടെ പക്കൽ ആകയാൽ പെരുന്നാളിൽ വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്ക് വല്ലതും കൊടുപ്പാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി. ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു. 

അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവം അവനിൽ മഹത്ത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നെ മഹത്ത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്ത്വപ്പെടുത്തും. കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്ന് ഞാൻ യെഹൂദന്മാരോടു പറഞ്ഞതു പോലെ ഇന്നു നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും. 

പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്ന് അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ;  അവ്വണ്ണം തന്നെ പൊക്കണമുള്ളവനും;  ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. അവനെ അധർമികളുടെ കൂട്ടത്തിൽ എണ്ണി എന്ന് എഴുതിയിരിക്കുന്നതിന് ഇനി എന്നിൽ നിവൃത്തി വരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരി ക്കുന്നതിന് നിവൃത്തി വരുന്നു എന്നു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയ ശേഷം ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി. 

ശിമോൻപത്രൊസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാൻ പോകുന്ന ഇടത്തേക്കു നിനക്ക് ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു. പത്രൊസ് അവനോട്: കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തത് എന്ത്? ഞാൻ എന്റെ ജീവനെ നിനക്കുവേണ്ടി വച്ചുകളയും എന്നു പറഞ്ഞു. തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി. അവനോ അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെമേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരി ക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടു കൂടെ നിലനിന്നവർ. എന്റെ പിതാവ് എനിക്കു രാജ്യം നിയമിച്ചു തന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനെയും ന്യായംവിധിക്കയും ചെയ്യും. ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 

അദ്ധ്യായം: 55 

യേശു അവരോട്: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലയ്ക്കു പോകും. അതിനു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു;  അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. 

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും. ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു. തോമാസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങൾ അറിയുന്നില്ല;  പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. 

ഫിലിപ്പൊസ് അവനോട്: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോട് പറഞ്ഞത്: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ?  ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും ഞാൻ ചെയ്തുതരും. 

            നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും;  അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന് അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതുകൊണ്ട് അവനെ അറിയുന്നു. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും. ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്ന് നിങ്ങൾ അന്ന് അറിയും. എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവ് സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും. 

ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോട്: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നത് എന്നു ചോദിച്ചു. യേശു അവനോട് എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടുകൂടെ വാസം ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എൻറേതല്ല എന്നെ അയച്ച പിതാവിൻറേതത്രേ എന്ന് ഉത്തരം പറഞ്ഞു.  ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോട് സംസാരിച്ചിരിക്കുന്നു. എങ്കിലും പിതാവ് എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും. 

സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്. ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവ് എന്നെക്കാൾ വലിയവനല്ലോ. അത് സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല. എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ: നാം പോക. 

അദ്ധ്യായം:  56 

ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു. ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല. എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും. പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ച് അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 

ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന. സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല. ഞാൻ നിങ്ങളോടു കല്പിക്കുന്നത് ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നെ. യജമാനൻ ചെയ്യുന്നത് ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്ന് ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിനും നിങ്ങളെ ആക്കിവച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്ന തൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നെ. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിനു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു. 

ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെ പകച്ചിരിക്കുന്നു എന്ന് അറിവിൻ. നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്ന് ഞാൻ നിങ്ങളോടു പറഞ്ഞ വാക്ക് ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും;  എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും. എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ട് എന്റെ നാമം നിമിത്തം ഇതൊക്കെയും നിങ്ങളോടു ചെയ്യും. ഞാൻ വന്ന് അവരോട് സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല. എന്നെ പകയ്ക്കുന്നവൻ എന്റെ പിതാവിനെയും പകയ്ക്കുന്നു. മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകയ്ക്കുകയും ചെയ്തിരിക്കുന്നു. അവർ വെറുതേ എന്നെ പകച്ചു” എന്ന് അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിനു തന്നെ. ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്ക് അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽനിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും. നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ. 

നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന് വഴിപാടു കഴിക്കുന്നു എന്ന് വിചാരിക്കുന്ന നാഴിക വരുന്നു. അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ട് ഇങ്ങനെ ചെയ്യും. അതിന്റെ നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്ന് നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല. എങ്കിലും ഇത് നിങ്ങളോടു സംസാരിക്കകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല;  ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതു കൊണ്ട് നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്ക കൊണ്ടു ന്യായവിധിയെ ക്കുറിച്ചും തന്നെ. ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ട്; എന്നാൽ നിങ്ങൾക്ക് ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും. അവൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്ക് അറിയിച്ചു തരുന്നതു കൊണ്ട് എന്നെ മഹത്ത്വപ്പെടുത്തും. പിതാവിനുള്ളതൊക്കെയും എനിക്കുള്ളത്;  അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽനിന്ന് എടുത്തു നിങ്ങൾക്ക് അറിയിച്ചുതരും എന്ന് ഞാൻ പറഞ്ഞത്. 

കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും. അവന്റെ ശിഷ്യന്മാരിൽ ചിലർ കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല;  പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽപോകുന്നു എന്നും അവൻ നമ്മോട് ഈ പറയുന്നത് എന്ത് എന്നു തമ്മിൽ ചോദിച്ചു. കുറഞ്ഞോന്ന് എന്ന് ഈ പറയുന്നത് എന്താകുന്നു?  അവൻ എന്തു സംസാരിക്കുന്നു എന്ന് നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു. അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞു യേശു അവരോട് പറഞ്ഞത്: കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണും എന്ന് ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ? ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും;  ലോകമോ സന്തോഷിക്കും;  നിങ്ങൾ ദുഃഖിക്കും;  എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതു കൊണ്ട് അവൾക്കു ദുഃഖം ഉണ്ട്; കുഞ്ഞിനെ പ്രസവിച്ച ശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല. നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ട് എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളകയില്ല. അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയില്ല. 

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ;  എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.  ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോട് അറിയിക്കുന്ന നാഴിക വരുന്നു. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും;  ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല. നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്ന് വിശ്വസിച്ചിരിക്കകൊണ്ട് പിതാവ് താനും നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു. അതിന് അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സാദൃശ്യം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു. നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്ക് ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു. യേശു അവരോട്: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?  നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും. നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു. 

അദ്ധ്യായം: 57 

ഇതു സംസാരിച്ചിട്ടു യേശു സ്വർഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്ത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്ത്വപ്പെടുത്തേണമേ. നീ അവനു നല്കിയിട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു. ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകും മുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ. നീ ലോകത്തിൽ നിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു;  നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. നീ എനിക്കു തന്നത് എല്ലാം നിന്റെ പക്കൽനിന്ന് ആകുന്നു എന്ന് അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു. 

            നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു, ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു. ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിനുവേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്കുവേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നത്. എൻറേത് എല്ലാം നിൻറേതും നിൻറേത് എൻറേതും ആകുന്നു; ഞാൻ അവരിൽ മഹത്ത്വപ്പെട്ടുമിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. അവരോടു കൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണമാകേണ്ടതിന് ഇതു ലോകത്തിൽ വച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു;  ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകിക ന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു. അവരെ ലോകത്തിൽനിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്. ഞാൻ ലൗകികനല്ലാത്തതു പോലെ അവരും ലൗകികന്മാരല്ല. 

സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്ക് അയച്ചതു പോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു. അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന് ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. ഇവർക്കു വേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതു പോലെ, അവരും നമ്മിൽ ആകേണ്ടതിനു തന്നെ. നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതു പോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകേണ്ടതിനും ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിനും തന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും. 

അദ്ധ്യായം: 58 

ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന് അക്കരയ്ക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു. അവർ ഗെത്ത്ശെമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോട്: ഞാൻ പ്രാർഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്ത് ഉണർന്നിരിപ്പിൻ എന്ന് അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു; കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർഥിച്ചു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർഥിച്ചു.

 അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ അവന് പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർഥിച്ചു;  അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോട്: എന്നോടുകൂടെ ഒരു നാഴിക പോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർഥിച്ചു. അനന്തരം അവൻ വന്ന്, അവർ കണ്ണിനു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു. അവരെ വിട്ടു മൂന്നാമതും പോയി ആ വചനംതന്നെ ചൊല്ലി പ്രാർഥിച്ചു. പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. 

ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടു കൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നിവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ട്; അവനെ കാണിച്ചുകൊടുത്ത യൂദായും ആ സ്ഥലം അറിഞ്ഞിരുന്നു. യേശു തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞു പുറത്തു ചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്ന് അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്ന് അവർ ഉത്തരം പറഞ്ഞപ്പോൾ: അത് ഞാൻതന്നെ എന്ന് യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദായും അവരോടുകൂടെ നിന്നിരുന്നു. ഞാൻ തന്നെ എന്ന് അവരോടു പറഞ്ഞപ്പോൾ അവർപിൻവാങ്ങി നിലത്തുവീണു. നിങ്ങൾ ആരെ തിരയുന്നു എന്ന് അവൻ പിന്നെയും അവരോടു ചോദിച്ചതിന് അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു. ഞാൻ തന്നെ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ എന്ന് യേശു ഉത്തരം പറഞ്ഞു. നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്ന് അവൻ പറഞ്ഞ വാക്കിന് ഇതിനാൽ നിവൃത്തിവന്നു. 

അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്ന് അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. അവൻ സംസാരിക്കുമ്പോൾ തന്നെ ഇതാ,  പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുൻനടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തു വന്നു. യേശു അവനോട്: യൂദായേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചു കൊടുക്കുന്നത് എന്നു പറഞ്ഞു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വച്ച് അവനെ പിടിച്ചു. സംഭവിപ്പാൻ പോകുന്നത് അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു. ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാത് അറുത്തു കളഞ്ഞു; ആ ദാസനു മല്ക്കൊസ് എന്നു പേർ. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും. എന്റെ പിതാവിനോട് ഇപ്പോൾ തന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. അപ്പോൾ യേശു: ഇത്രയ്ക്കു വിടുവിൻ എന്നു പറഞ്ഞ് അവന്റെ കാതു തൊട്ടു സൗഖ്യമാക്കി. 

അദ്ധ്യായം: 59 

യേശു തന്റെ നേരേ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരേ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു. എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. അവനോ പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയി. 

പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചു കെട്ടി ഒന്നാമത് ഹന്നാവിന്റെ അടുക്കൽ കൊണ്ടു പോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനു വേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് നന്ന് എന്ന് യെഹൂദന്മാരോട് ആലോചന പറഞ്ഞവൻ തന്നെ. മഹാപുരോഹിതൻ യേശുവിനോട് അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നത് എന്ത്? ഞാൻ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാൻ പറഞ്ഞത് അവർ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്ത് ഒന്നടിച്ചു. യേശു അവനോട്: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നത് എന്ത് എന്നു പറഞ്ഞു. ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു. 

യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്ത് അവനെ കൊണ്ടുപോയി. എന്നാൽ പത്രൊസ് ദൂരവേ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്ന്, അകത്തു കടന്ന് അവസാനം കാൺമാൻ സേവകന്മാരോടുകൂടി ഇരുന്നു. അവർ നടുമുറ്റത്തിന്റെ മധ്യേ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു. അവൻ തീവെട്ടത്തി നടുക്കെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ ഉറ്റുനോക്കി: ഇവനും അവനോടു കൂടെ ആയിരുന്നു എന്നു പറഞ്ഞു. അവനോ: സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു. കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു. ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു. മനുഷ്യാ, നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾതന്നെ പെട്ടെന്ന് കോഴി കൂകി. അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു. 

മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. അനേകർ അവന്റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. ചിലർ എഴുന്നേറ്റ് അവന്റെ നേരേ: ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്ന് ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോട്: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്ന് ചോദിച്ചു. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;  ഞാൻ ചോദിച്ചാൽ ഉത്തരം പറകയുമില്ല, മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്ന് എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്ന് അവൻ പറഞ്ഞു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;  നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്: അവൻ മരണയോഗ്യൻ എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടി ചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു: ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു. 

അദ്ധ്യായം: 60 

പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്ന് ആസ്ഥാനത്തി ലേക്കു കൊണ്ടു പോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല. പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തു വന്നു: ഈ മനുഷ്യന്റെ നേരേ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്ന് അവർ അവനോട് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിനു യെഹൂദന്മാർ അവനോട്: മരണശിക്ഷയ്ക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു. യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന് ഇതിനാൽ നിവൃത്തി വന്നു. എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു;  മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി. ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചു കളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി. 

പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു; നീ യെഹൂദന്മാരുടെ രാജാവോ എന്ന് ചോദിച്ചു. അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. പീലാത്തൊസ് അതിനുത്തരമായി ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന് യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്ന് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോട്: എന്നാൽ നീ രാജാവ് തന്നെയല്ലോ എന്നു പറഞ്ഞതിനു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നെ; സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ച് അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോട്: സത്യം എന്നാൽ എന്ത് എന്നു പറഞ്ഞു. മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോട്: ഇവർ നിന്റെ നേരേ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു. അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. 

പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. അതിന് അവർ: അവൻ ഗലീലയിൽതുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചു പറഞ്ഞു. ഇതു കേട്ടിട്ട് ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു; ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അന്നു യെരൂശലേമിൽ വന്നുപാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു. ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് അവനെ കാൺമാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്ന് ആശിച്ചിരുന്നു. ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു. ഹെരോദാവ് തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു. അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പേ അവർ തമ്മിൽ വൈരമായിരുന്നു. 

പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി. അവരോട്: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;  ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ട് അടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്റെ തലയിൽ വച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു, അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞ് അവനെ കന്നത്തടിച്ചു. പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്ന് നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു. അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തുവന്നു. പീലാത്തൊസ് അവരോട്: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു. മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്ന് ആർത്തുവിളിച്ചു. പീലാത്തൊസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ; ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. യെഹൂദന്മാർ അവനോട്: ഞങ്ങൾക്ക് ഒരു ന്യായപ്രമാണം ഉണ്ട്; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്ന് ഉത്തരം പറഞ്ഞു. 

ഈ വാക്ക് കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,  പിന്നെയും ആസ്ഥാനത്തിൽ ചെന്നു: നീ എവിടെനിന്ന് ആകുന്നു എന്ന് യേശുവിനോട് ചോദിച്ചു. യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോട്: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന് യേശു അവനോട്: മേലിൽനിന്നു നിനക്കു കിട്ടിയിട്ടില്ല എങ്കിൽ എന്റെമേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. ഇതുനിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു; യെഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്ന് ആർത്തുപറഞ്ഞു. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു. അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. 

അദ്ധ്യായം: 61 

അവൻ ഉത്സവം തോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു. എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടു കൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു. പുരുഷാരം കയറിവന്നു, അവൻ പതിവുപോലെ ചെയ്യേണം എന്ന് അപേക്ഷിച്ചുതുടങ്ങി. മഹാപുരോഹിതന്മാർ അസൂയകൊണ്ട് അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതു കൊണ്ട് അവരോട്: എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്ക് ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നത് സമ്മതമോ ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു. എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിനു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു. 

നാടുവാഴി അവരോട്: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിനു ബറബ്ബാസിനെ എന്ന് അവർ പറഞ്ഞു. പീലാത്തൊസ് അവരോട്: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കേണം എന്ന് എല്ലാവരും പറഞ്ഞു. അവൻ ചെയ്ത ദോഷം എന്ത് എന്ന് അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്ന് അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾതന്നെ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനമൊക്കെയും ഉത്തരം പറഞ്ഞു. അവരോ അവനെ ക്രൂശിക്കേണ്ടതിന് ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു. കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കയും ചെയ്തു. അവൻ അവനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചു കൊടുത്തു. 

അവനെ ശിക്ഷയ്ക്കു വിധിച്ചു എന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്ന്: ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്ക് എന്ത്? നീ തന്നെ നോക്കിക്കൊൾക എന്ന് അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ്, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു. മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്ത് ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ച്, പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി. ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. 

അവർ യേശുവിനെ കൈയേറ്റു; അവൻ താൻ തന്നെ ക്രൂശിനെ ചുമന്നുകൊണ്ട് എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി. ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു. യേശു തിരിഞ്ഞ് അവരെ നോക്കി: യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. അന്നു മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞുതുടങ്ങും. പച്ചമരത്തോട് ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന് എന്തു ഭവിക്കും എന്നു പറഞ്ഞു.  ദുഷ്പ്രവൃത്തിക്കാരായ വേറേ രണ്ടു പേരെയും അവനോടു കൂടെ കൊല്ലേണ്ടതിനു കൊണ്ടുപോയി. 

അദ്ധ്യായം:  62 

തലയോടിടം എന്നർഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവനു കയ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു; അതു രുചിനോക്കിയാറെ അവനു കുടിപ്പാൻ മനസ്സായില്ല. അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. മൂന്നാംമണി നേരമായപ്പോൾ അവനെ ക്രൂശിച്ചു. [അധർമികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.] എന്നാൽ യേശു: പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്ന് അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു. അതിന് പീലാത്തൊസ്: ഞാൻ എഴുതിയത് എഴുതി എന്ന് ഉത്തരം പറഞ്ഞു. 

പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്ത് ഓരോ പടയാളിക്ക് ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇത് കീറരുത്; ആർക്കു വരും എന്ന് ചീട്ടിടുക എന്ന് അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്ത് എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെയൊക്കെയും ചെയ്തു. കടന്നുപോകുന്നവർ തല കുലുക്കിക്കൊണ്ട്: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽനിന്ന് ഇറങ്ങിവാ എന്നു പറഞ്ഞ് അവനെ ദുഷിച്ചു. അങ്ങനെ തന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്ന് അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു. ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. പടയാളികളും അവനെ പരിഹസിച്ച് അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞു കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. 

തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞ് അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നെ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിനു യോഗ്യമായതല്ലോ കിട്ടുന്നത്; ഇവനോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോട്: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: സ്ത്രീയേ, ഇതാ, നിന്റെ മകൻ എന്ന് അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട്: ഇതാ, നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു. 

ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തൊക്കെയും അന്ധകാരം ഉണ്ടായി. ഒമ്പതാംമണി നേരത്ത് യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്ന് അർഥമുള്ള എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. അരികെ നിന്നവരിൽ ചിലർ കേട്ടിട്ട്: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞൊരു പാത്രം വച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞു നിറച്ച് ഈസോപ്പു തണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു. യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. ശതാധിപനും അവനോടു കൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ട്: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു. 

അദ്ധ്യായം: 63 

അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്ന് അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.  അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു. അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. അവന് എതിരേ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. കാൺമാൻ കൂടിവന്ന പുരുഷാരമൊക്കെയും സംഭവിച്ചതു കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. അന്ന് ഒരുക്കനാളും ആ ശബ്ബത്ത്നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാൽ ഒടിച്ച് എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോട് അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്ന് ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റേവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്ന്, അവൻ മരിച്ചുപോയി എന്ന് കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യം പറയുന്നു എന്ന് അവൻ അറിയുന്നു. അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു. അവർ കുത്തിയവങ്കലേക്കു നോക്കും” എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു. 

വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലേനാളായ ഒരുക്കനാൾ ആകകൊണ്ടു അരിമഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി- അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു- പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ട് ഒട്ടുനേരമായോ എന്ന് ശതാധിപനോട് വസ്തുത ചോദിച്ചറിഞ്ഞിട്ട് ഉടൽ യോസേഫിനു നല്കി. ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗത്തോടുകൂടെ ശീല പൊതിഞ്ഞു കെട്ടി. അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പേ ആരെയും വച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു. താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടു പോയി. അന്ന് ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയിൽ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി. സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥ മായിരുന്നു. 

ഒരുക്കനാളിന്റെ പിറ്റേ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നു കൂടി: യജമാനനേ, ആ ചതിയൻ ജീവനോടിരിക്കു മ്പോൾ: മൂന്നു നാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞ പ്രകാരം ഞങ്ങൾക്ക് ഓർമ വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ ചെന്ന് അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിനു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു. പീലാത്തൊസ് അവരോട്: കാവല്ക്കൂട്ടത്തെ തരാം;  പോയി നിങ്ങളാൽ ആകുന്നേടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു. അവർ ചെന്നു കല്ലിനു മുദ്രവച്ചു കാവല്ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി. 

അദ്ധ്യായം: 64 

ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധവർഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറയ്ക്കൽ ചെന്നു: കല്ലറയുടെ വാതിൽക്കൽനിന്നു നമുക്കുവേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു. പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിന് ഒത്തതും അവന്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവല്ക്കാർ അവനെ കണ്ടു പേടിച്ചു വിറച്ചു മരിച്ചവരെപ്പോലെ ആയി. ദൂതൻ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;  അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതു പോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാൺമിൻ. അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകുന്നു;  അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. 

അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ച് അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു. ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പേ ഗലീലയിൽ ഇരിക്കുമ്പോൾ തന്നെ അവൻ നിങ്ങളോട്: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കൈയിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു. അവർ അവന്റെ വാക്ക് ഓർത്തു, അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ട് അവന്റെ ശിഷ്യന്മാരോട് അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റ്: നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽ പിടിച്ച് അവനെ നമസ്കരിച്ചു. യേശു അവരോട്: ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു. അവർ കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതൊക്കെയും അറിയിച്ചു. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നെ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അത് അപ്പൊസ്തലന്മാരോടു പറഞ്ഞു. ഈ വാക്ക് അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. 

അവർ പോകുമ്പോൾ കാവല്ക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു. അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചന കഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു: അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു. 

അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ട് താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി. ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾതന്നെ കല്ലറയ്ക്കൽ ചെന്നു കല്ലറവായ്ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നത് കണ്ടു. അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിനു പ്രിയനായ മറ്റേ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽനിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല എന്ന് അവരോട് പറഞ്ഞു. അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്നു. ഇരുവരും ഒന്നിച്ച് ഓടി; മറ്റേ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി; കുനിഞ്ഞു നോക്കി ശീലകൾ കിടക്കുന്നത് കണ്ടു; അകത്തു കടന്നില്ലതാനും. അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു. ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും കണ്ടു. ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി. 

എന്നാൽ മറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി. യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലയ്ക്കലും ഒരുത്തൻ കാല്ക്കലും ഇരിക്കുന്നത് കണ്ടു. അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞാൻ അറിയുന്നില്ല എന്ന് അവൾ അവരോട് പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൾ പിന്നോക്കം തിരിഞ്ഞ്, യേശു നില്ക്കുന്നത് കണ്ടു; യേശു എന്ന് അറിഞ്ഞില്ലതാനും. യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്ന് നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കിൽ അവനെ എവിടെ വച്ചു എന്ന് പറഞ്ഞുതരിക; ഞാൻ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം എന്ന് അവനോടു പറഞ്ഞു. യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞ് എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിനു ഗുരു എന്നർഥം. യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്നു പറഞ്ഞു. അവൾ ചെന്ന് അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞും കൊണ്ടിരിക്കുന്നവരോട് അറിയിച്ചു. അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടപ്പോൾ വിശ്വസിച്ചില്ല. 

അദ്ധ്യായം:  65 

അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്ന് ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ ഈ സംഭവിച്ചതിനെക്കുറിച്ചൊക്കെയും തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നു. സംസാരിച്ചും തർക്കിച്ചുംകൊണ്ടിരിക്കുമ്പോൾ യേശുതാനും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു. അവനെ അറിയാതവണ്ണം അവരുടെ കണ്ണ് നിരോധിച്ചിരുന്നു. അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. ക്ലെയൊപ്പാവ് എന്നു പേരുള്ളവൻ: യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്ന് ഉത്തരം പറഞ്ഞു. ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്ക് ഏല്പിച്ചു ക്രൂശിച്ചു. ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്ന് ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാംനാൾ ആകുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി അവന്റെ ശരീരം കാണാതെ മടങ്ങിവന്ന് അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതു പോലെ തന്നെ കണ്ടു; അവനെ കണ്ടില്ല താനും. 

അവൻ അവരോട്: അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്ത്വത്തിൽ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു. മോശെ തുടങ്ങി സകല പ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. അവർ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞ് അവനെ നിർബന്ധിച്ചു; അവൻ അവരോടു കൂടെ പാർപ്പാൻ ചെന്നു. അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ അവൻ അപ്പം എടുത്ത് അനുഗ്രഹിച്ചുനുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണുതുറന്ന് അവർ അവനെ അറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി. അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്ന് അവർ തമ്മിൽ പറഞ്ഞു. ആ നാഴികയിൽ തന്നെ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. കർത്താവ് വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോനു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരു വരെയും കൂടെയുള്ളവരെയും കണ്ടു. വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായി വന്നതും അവർ വിവരിച്ചു പറഞ്ഞു. 

ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ട്: നിങ്ങൾക്കു സമാധാനം എന്ന് അവരോട് പറഞ്ഞു. അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്ന് അവർക്കു തോന്നി. അവൻ അവരോട്: നിങ്ങൾ കലങ്ങുന്നത് എന്ത്? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്ത്? ഞാൻ തന്നെ ആകുന്നു എന്ന് എന്റെ കൈയും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൻ കൈയും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു. പതിനൊരുവർ ഭക്ഷണത്തിനിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസ ത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു. അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു. അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവനു കൊടുത്തു. അത് അവൻ വാങ്ങി അവർ കാൺകെ തിന്നു. പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടു കൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്ന തൊക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നെ എന്നു പറഞ്ഞു. 

തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാംനാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽതുടങ്ങി സകല ജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു. യേശു പിന്നെയും അവരോട്: നിങ്ങൾക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരോട്: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെമേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു. 

എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ അവനോട്: ഞങ്ങൾ കർത്താവിനെ കണ്ടു എന്ന് പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്ന് അവൻ അവരോട് പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ട്: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. പിന്നെ തോമാസിനോട്: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. തോമാസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു. 

അദ്ധ്യായം:  66 

അതിന്റെ ശേഷം യേശു പിന്നെയും തിബെര്യാസ് കടല്ക്കരയിൽ വച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈവിധം ആയിരുന്നു: ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനായിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറേ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു. ശിമോൻ പത്രൊസ് അവരോട്: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്ന് അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല. പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്ന് ശിഷ്യന്മാർ അറിഞ്ഞില്ല. യേശു അവരോട്: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു. പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്ന് അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാൻ കഴിഞ്ഞില്ല. യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്ന് ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. ശേഷം ശിഷ്യന്മാർ കരയിൽനിന്ന് ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് ചെറിയ പടകിൽ വന്നു. കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തിമൂന്നു വലിയ മീൻ നിറഞ്ഞ വല കരയ്ക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്ന് അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്ന് അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല. യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; മീനും അങ്ങനെ തന്നെ. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി. 

അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്ന് അവൻ അവനോട് പറഞ്ഞു. രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്ന് അവൻ അവനോട് പറഞ്ഞു. മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ട് എന്നും നീ അറിയുന്നു എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക. ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീതന്നെ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായ ശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. അതിനാൽ അവൻ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തും എന്ന് അവൻ സൂചിപ്പിച്ചു;  ഇതു പറഞ്ഞിട്ട്: എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു. 

പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ പിൻചെല്ലുന്നതു കണ്ടു; അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചു കൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻതന്നെ. അവനെ പത്രൊസ് കണ്ടിട്ട്: കർത്താവേ, ഇവന് എന്തു ഭവിക്കും എന്നു യേശുവിനോട് ചോദിച്ചു. യേശു അവനോട്: ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്ക് എന്ത്? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു. ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ ഇരിക്കേണം എന്ന് എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു. 

അവൻ കഷ്ടം അനുഭവിച്ച ശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചുകൊടുത്തു. അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു. അവൻ അവരോട്: പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല. എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലയ്ക്കു പോയി. അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തു ചെന്നു: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു. 

അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു [സ്വർഗാരോഹണം ചെയ്തു]. ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽ നിന്നു: ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നത് എന്ത്?  നിങ്ങളെ വിട്ടു സ്വർഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നെ അവൻ വീണ്ടും വരും എന്നു പറഞ്ഞു. അവർ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു. 

ഇങ്ങനെ കർത്താവായ യേശു അവരോട് അരുളിച്ചെയ്തശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു. അവർ പുറപ്പെട്ട് എല്ലാടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.